അടൂര്‍: മിത്രപുരം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും, നന്മ ക്ലബ്ബും ചേര്‍ന്ന് കേരളപ്പിറവി ആഘോഷിച്ചു. കേരളത്തിന്റെ പൈതൃക നെല്‍വിത്തുകളുടെ സംരക്ഷകരായി മാറുകയാണ് ഈ സ്‌കൂള്‍. കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം നെല്ലിലാണ്. അനധികൃത മണ്ണെടുപ്പും, വയല്‍ നികത്തലും കാരണം ഇന്ന് ഈ കൃഷി അന്യംനില്‍ക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റമെന്ന നിലയില്‍ ആണ് ക്ലബ്ബ് അംഗങ്ങള്‍ ശിലാ മ്യൂസിയം ഉടമ സന്തോഷിന്റെ സഹായം തേടിയത്.

കേരളത്തിന്റെ ചരിത്രവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം തന്റെ ശേഖരത്തിലുള്ള 15 ഓളം പൈതൃക നെല്‍വിത്തുകള്‍ കുട്ടികള്‍ക്ക് സംഭാവന ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബിനുവേണ്ടി സ്‌കൂള്‍ അധികൃതര്‍ നെല്‍വിത്ത് ഏറ്റുവാങ്ങി. ശില സന്തോഷ് പാല്‍തുണ്ടി എന്ന നെല്‍വിത്ത് ഗ്രോബാഗില്‍ പാകി പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ നന്മ ക്ലബ്ബ് അംഗങ്ങള്‍ കേരളത്തിന്റെ മാതൃകയില്‍ ഗ്രൗണ്ടില്‍ അണിനിരന്നു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പച്ച നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ റോസമ്മ ചാക്കോ, സ്‌കൂള്‍ സീഡ്, നന്മ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജലക്ഷ്മി ക്ലബ്ബ് അംഗങ്ങള്‍, അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.