അടൂര്‍: മെക്‌സിക്കന്‍ ഡ്രാഗണ്‍ ഫ്രൂട്ട് കേരളത്തിലും സമൃദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് തട്ട പാറക്കര പറങ്കാംവിള വീട്ടില്‍ ജ്യോതിഷ്‌കുമാര്‍.
 
വീടിനോട് ചേര്‍ന്നുള്ള 60 സെന്റില്‍ 700 മൂട് ചെടികളാണ് വളര്‍ന്ന് പഴങ്ങളുമായി നില്‍ക്കുന്നത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ് മെക്‌സിക്കന്‍ ഡ്രാഗണ്‍ ഫ്രൂട്ട് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്.
 
കള്ളിച്ചെടി ഇനത്തില്‍പ്പെട്ട ഇത് കൃഷി ചെയ്തപ്പോള്‍ കളിയാക്കിയവര്‍ വരെ ഇപ്പോള്‍ അത്ഭുതത്തോടെയാണ് ഇത് നോക്കി കാണുന്നത്. വിപണിയില്‍ കിലോയ്ക്ക് 350 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. എന്നാല്‍ വീട്ടില്‍ എത്തുന്നവര്‍ക്ക് 200 രൂപയ്ക്കാണ് നല്‍കുന്നത്.

കമ്പോഡിയായില്‍ നിന്നുള്ള വരവ്

മെക്കാനിക്കല്‍ എഞ്ചിനീയറായ ജ്യോതിഷ്‌കുമാര്‍ പെരുമ്പാവൂര്‍ എക്കേ സ്‌പൈസസ് ഡെപ്യൂട്ടി ജനറല്‍ മാനേജറാണ്.
 
കമ്പിനി കമ്പോഡിയായില്‍ 2008ല്‍ 2000 ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചു. ഇതിന്റെ ചുമതലക്കാരനായി പോയത് ജ്യോതിഷായിരുന്നു.
 
അവിടെ എള്ള്, ചോളം, കപ്പ, മഞ്ഞള്‍, മുരിങ്ങ, കുരുമുളക് എന്നിവയ്ക്ക് ഒപ്പം മധുരക്കള്ളി എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ ഡ്രാഗണ്‍ ഫ്രൂട്ടും വ്യാപകമായി കൃഷി ചെയ്തു. ഇത് വളരെ വിജയമായിരുന്നു.
 
2013ല്‍ കമ്പോഡിയായില്‍ നിന്ന് പോരുമ്പോള്‍ ബാഗില്‍ കരുതിയ രണ്ട് തണ്ടുകളാണ് ഇന്നത്തെ 700 മൂടുകളില്‍ എത്തി നില്‍ക്കുന്നത്.

പരിപാലനം

ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പരിപാലനം വളരെ കുറച്ച് മാത്രം വേണ്ട ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലവും ജൈവവളവും വളരെ കുറച്ച് മാത്രം മതി എന്നതും കൃഷി ചിലവ് വളരെ കുറയ്ക്കുന്നു.
 
ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ശല്യവും പഴത്തിന് ഏക്കാറില്ല. നട്ട് ഒന്നര വര്‍ഷത്തിനകം ചെടിയില്‍ നിന്ന് പഴങ്ങള്‍ കിട്ടി തുടങ്ങും. ഇടവിളയായി മറ്റ് പച്ചക്കറികളും നട്ട് പിടിപ്പിക്കാവുന്നതാണ്.

ഒരു മൂട്ടില്‍ നാല് ചെടികള്‍ എന്ന രീതിയാണ് നടീലിന് ഉപയോഗിക്കുന്നത്. ജോലി കഴിഞ്ഞ് ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ എത്തുമ്പോഴാണ് കൃഷിസ്ഥലത്ത് കാര്യമായി നോക്കുന്നത്.
 
ബാക്കി സമയമെല്ലാം ഭാര്യ സ്മിതയും മകന്‍ ധ്യാന്‍ ജ്യോതിയുമാണ് പരിപാലനം.

നടേണ്ട രീതി

കള്ളിച്ചെടിയുടെ കുലത്തിലെ അംഗമാണിത്. വെയില്‍ കിട്ടുന്ന പുഷ്ടിയുള്ള മണ്ണില്‍ നന്നായി വളരും.
 
വിത്ത് പാകി മുളപ്പിച്ചോ വള്ളിത്തണ്ടുകള്‍ നട്ടോ വളര്‍ത്തിയെടുക്കാം. വള്ളിത്തണ്ട് മുറിച്ച് നട്ട തൈകള്‍ ഒന്നരവര്‍ഷം മുതല്‍ ഫലങ്ങള്‍ നല്‍കി തുടങ്ങും.
 
ഒരു ചെടിയുടെ ആയുസ്സ് 20 വര്‍ഷമായതിനാലും വള്ളികള്‍ക്ക് നല്ല ഭരമുള്ളതിനാലും കോണ്‍ക്രീറ്റ് കാലിലാണ് ഇതിനെ വളര്‍ത്തുന്നത്. ഒരു വര്‍ഷം നാലുമുതല്‍ ആറുവരെ തവണ ഫലം കിട്ടുകയും ചെയ്യും.

ഔഷധഗുണങ്ങള്‍

ഡ്രാഗണ്‍ ഫ്രൂട്ടിന് വളരെ അത്ഭുതകരമായ ഔഷധ ഗുണങ്ങളാണ് പറയുന്നത്.
 
ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കു, കൊളസ്റ്ററോള്‍ കുറയ്ക്കുക, കാന്‍സര്‍ തടയുക, പൊണ്ണത്തടി കുറയ്ക്കുക, തുടങ്ങി നിരവധി ഗുണങ്ങളാണ് പറയുന്നത്.
 
ഇതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും നല്ല ഭക്ഷണമാണ്. ഹീമഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നതിനായും അടുത്തകാലത്ത് ഈ പഴം വ്യാപകമായി ഉപയോഗിക്കുന്നു.

വാണിജ്യ സാധ്യത

വലിയ വാണിജ്യ സാധ്യതയുള്ള വിളയാണ് ഇത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യവുമാണിതെന്നും ജ്യോതിഷ്‌കുമാര്‍ പറയുന്നു.
 
ഇദ്ദേഹത്തിന്റെ കണക്കുകള്‍ പ്രകാരം ഒരേക്കര്‍ സ്ഥലത്ത് 450 താങ്ങ് കാലുകളില്‍ 1800 ചെടികള്‍ നട്ടാല്‍ രണ്ടാം വര്‍ഷം 2.24 ലക്ഷം, മൂന്നാം വര്‍ഷം 3.27 ലക്ഷം, നാലാം വര്‍ഷം ആറ് ലക്ഷം, അഞ്ചാം വര്‍ഷം ആറ് ലക്ഷം എന്നീ ക്രമത്തില്‍ വരുമാനം ലഭിക്കും.
 
ഇപ്പോഴത്തെ വിപണി വില അനുസരിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. കൃഷിക്കായി ചിലവാക്കേണ്ടത് ആദ്യ വര്‍ഷം 5.17 ലക്ഷം, രണ്ടാം വര്‍ഷം 2.10 ലക്ഷം, മൂന്നാം വര്‍ഷം 2.25 ലക്ഷം, നാലാം വര്‍ഷം 24000 രൂപ, അഞ്ചാം വര്‍ഷം 26000 രൂപ എന്നീ ക്രമത്തിലുമാണ്.
 
20 വര്‍ഷം വരെ ചെടിക്ക് ആയുസ്സുള്ളതിനാല്‍ ലാഭം വളരെ കൂടുതല്‍ ലഭിക്കുകയും ചെയ്യും.