തിരുവല്ല: അപ്പര്‍കുട്ടനാട്ടിലെ കൃഷിനാശം വിലയിരുത്താന്‍ ഉദ്യോഗസ്ഥരെത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിസി കുര്യന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ഏത്തവാഴ, പച്ചക്കറി, മറ്റ് ഇടവിളകള്‍ എന്നിവകള്‍ക്കുണ്ടായ നാശം കഴിഞ്ഞ പ്രളയത്തിലുണ്ടായ നഷ്ടത്തിന് സമമാണെന്ന് സംഘം വിലയിരുത്തി.
ഓണം വിപണി ലക്ഷ്യമാക്കി കൃഷിചെയ്തിരുന്ന ഏത്തവാഴയും ഇടവിളകളുമാണ് നഷ്ടമായത്. കഴിഞ്ഞ പ്രളയത്തിലുണ്ടായ നഷ്ടം നികത്തുവാന്‍ കര്‍ഷകര്‍ക്ക് അനുവദിച്ച നഷ്ടപരിഹാരംപോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി, അംഗങ്ങളായ ഈപ്പന്‍ കുര്യന്‍, അഡ്വ. എം.ബി.നൈനാന്‍, പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ കോലത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അലിനി ആന്റണി, കെ.എസ്.പ്രദീപ്, എന്‍.ചന്ദ്രശേഖരന്‍, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയപ്രകാശ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി വി.ജെ., രശ്മി ജയരാജ് എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തുകയായ 1.02കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് കാണിച്ച് കൃഷിമന്ത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് നിവേദനം നല്‍കി