കൊച്ചി: അഡ്മിഷന്‍ കാര്‍ഡില്‍ പറഞ്ഞിരുന്ന കോളേജ് സെന്റര്‍ അല്ലാത്തതിനാല്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്ന ഹര്‍ജി നല്‍കിയ വിദ്യാര്‍ഥി ജെ.ഇ.ഇ. മെയിന്‍ പരീക്ഷയ്ക്ക് നിര്‍ദിഷ്ട യോഗ്യതാ മാര്‍ക്ക് നേടിയില്ലെന്ന് ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചു. അടൂര്‍ സ്വദേശിയാണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനായില്ലെന്നു കാട്ടി ഹര്‍ജി നല്‍കിയത്. ഇതിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയായിരുന്നു അഡ്മിഷന്‍ കാര്‍ഡില്‍ സെന്ററായി കാണിച്ചിരുന്നതെന്നും പരീക്ഷ ദിവസമായ ഒക്ടോബര്‍ മൂന്നിന് അവിടെ എത്തിയപ്പോഴാണ് അവിടെ സെന്റര്‍ അല്ലെന്ന് മനസ്സിലായതെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഹര്‍ജിക്കാരന് മെയിന്‍ പരീക്ഷയില്‍ കിട്ടിയത് 43.3216295 സ്‌കോര്‍ മാത്രമായിരുന്നു. ഒ.ബി.സി. വിഭാഗത്തില്‍ അപേക്ഷിച്ച വിദ്യാര്‍ഥിക്ക് 68.0234447 സ്‌കോര്‍ വേണമായിരുന്നു അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടാനെന്ന് വിശദീകരണത്തിലുണ്ട്.

വിദ്യാര്‍ഥി ഹാജരാക്കിയത് വ്യാജമായി ചമച്ച അഡ്മിഷന്‍ കാര്‍ഡായിരിക്കുമെന്നും വിശദീകരണത്തിലുണ്ട്. ഹര്‍ജിയില്‍ പറയുന്ന റോള്‍ നമ്പര്‍ മറ്റൊരു വിദ്യാര്‍ഥിയുടേതുമാണ്. അതിനാല്‍ ഹര്‍ജി തള്ളണമെന്നും വിശദീകരണത്തില്‍ ആവശ്യപ്പെടുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കുണ്ടായ വീഴ്ചയാണ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്നതിന് ഇടയാക്കിയതെന്നും അതിനാല്‍ തനിക്കുവേണ്ടി മാത്രം പരീക്ഷ നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.