കടമ്മനിട്ട: ഇടപ്പടയണിയുടെ രാവില്‍ ഇടയൊഴിയാതെ വന്ന കോലങ്ങള്‍. കണ്ടാലും കണ്ടാലും മതിവരാത്ത കാവിലെ കളത്തിലുള്ള കാഴ്ചക്കൂട്ടം. അടവിയുടെ അസാധാരണമായ കാവ്യഭംഗി കണ്ട് മതിതീരും മുമ്പ് ഇടപ്പടയണിയുടെ രാവും കടന്നു പോകുന്നു. ഇതിപ്പോ വല്യപടയണി വന്നെത്തിക്കഴിഞ്ഞു. ശനിയാഴ്ചത്തെ രാവ് കടമ്മനിട്ടയുടേതാണ്. വല്യപടയണി. എല്ലാ വഴികളും അവിടേക്ക് മാത്രം.

കാഴ്ചയുണ്ടിത് മേടമാസത്തില്‍ എട്ടാം ദിവസി, ഈശ്വരിക്ക് പ്രധാനമാം ദിവസി... എന്നത്രെ ചൊല്ല്. മധ്യതിരുവിതാംകൂറിലെ പടയണിക്കാലത്തിനും ഇതോടെ കലാശമാകുകയാണ്. പതിവ് കോലങ്ങള്‍ക്ക് പുറമേ മാടന്‍കോലം, കുതിര, കുറത്തി, അന്തരയക്ഷി, അരക്കിയക്ഷി തുടങ്ങിയവയും വലിയപടയണിയില്‍ അണിനിരക്കും.

നായാട്ടുവിളി ചടങ്ങുമുണ്ട്. ഭൈരവിയും കാഞ്ഞിരമാലയും പടയണിയിലെ വല്യകോലങ്ങളാണ്. ഭഗവതിയുടെ സങ്കല്പത്തിലാണ് ഇവ കളത്തിലെത്തുക. അഞ്ച് മുഖങ്ങളും നാഗക്കെട്ടുകളും ഉള്ള കോലത്തിന് തൃക്കണ്ണില്‍ കത്തുന്ന പന്തവുമുണ്ട്. ഇത് തുള്ളുമ്പോള്‍ വിശ്വാസികള്‍ക്ക് ഭഗവതിദര്‍ശനം കിട്ടുന്നു.

സുന്ദരയക്ഷി ഗണങ്ങള്‍ക്കൊപ്പമാണ് തുള്ളല്‍. തോഴിമാരുടെ നര്‍ത്തനം കാണാന്‍ ഭഗവതി വിശ്രമിക്കുന്നു. പിന്നെ കളത്തില്‍ വിശുദ്ധിയുടെ നിമിഷങ്ങള്‍ നിറച്ച് ദേവസോദരിമാര്‍ ചുവടുവെക്കും. കേശാദിപാദം ചൊല്ലി സ്തുതിച്ച് കോലങ്ങള്‍ ഇറക്കിവെക്കുന്നതോടെ കോലംതുള്ളല്‍ കലാശിക്കും.

ഭഗവതിയുടെ പൂര്‍ണസാന്നിധ്യം വല്യപടയണിയില്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. രാത്രി ക്ഷേത്രം നട അടയ്ക്കുകയുമില്ല. പുലരി സൂര്യകിരണം വന്നുവീഴുമ്പോഴാണ് വലിയ ഭൈരവിയുടെ മംഗളശ്ലോകം ചൊല്ലുന്നത്. തുടര്‍ന്ന് പൂപ്പട വാരി കരവഞ്ചിയും കഴിഞ്ഞ് പിരിയും. ഞായറാഴ്ച പൂജകളില്ല. നട തുറക്കില്ല. അമ്മയുടെ പള്ളിയുറക്കമാണന്ന്.

കടമ്മനിട്ടയില്‍ ഇന്ന്
  • ദേവീഭാഗവത പാരായണം 8.00
  • സാംസ്‌കാരിക സമ്മേളനം 7.15
  • ചിത്രാഅയ്യരുടെ ഗാനമേള 8.00
  • വല്യപടയണി 11.30