ടൂര്‍: മനസ് തുറന്നാല്‍ തീരാവുന്ന പ്രശ്‌നങ്ങളുമായി അടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നവരെ ഇനി സൈക്കോളജിസ്റ്റ് ഉള്‍പ്പടെയുള്ളവര്‍ കാത്തിരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കാവുന്നത് അവിടെ വെച്ച് തന്നെ പരിഹരിച്ച് വിടുന്നതിനാണിത്.

ജനമൈത്രി പോലീസും ജില്ലാ കുടുംബശ്രീ മിഷനും ചേര്‍ന്നാണ് സംസ്ഥാനത്തെ ആദ്യത്തെ കൗണ്‍സലിങ് സെന്റര്‍ ഇവിടെ തുടങ്ങിയത്. ദിവസവും നിരവധി കുടുംബ പ്രശ്‌നങ്ങളാണ് പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. ഇവ കേസുകളിലേക്കും മറ്റും പോകുന്നത് ഒഴിവാക്കുന്നതിനും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് ശക്തമാക്കുന്നതിനുമാണ് സെന്റര്‍ ആരംഭിക്കുന്നത്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം
 
അടൂര്‍ സ്റ്റേഷനില്‍ ആരംഭിച്ച സെന്ററില്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ നിയോഗിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം സൗജന്യമായി ലഭിക്കും.

സ്റ്റേഷനില്‍ എത്തുന്ന പരാതികളില്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുള്ളവ കൗണ്‍സലിങ്ങിനായി മാറ്റിവെക്കും. ഇതിനുശേഷമായിരിക്കും ബാക്കിനടപടികള്‍. സംസ്ഥാനത്തുതന്നെ പരീക്ഷണാര്‍ഥമാണ് ഈ കൗണ്‍സലിങ്‌സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

സെന്ററിന്റെ ഉദ്ഘാടനം അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ജോസ് നിര്‍വഹിച്ചു. എസ്.ഐ. ആര്‍.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.മുഹമ്മദലി, അനുപമ, രാജു എ.നായര്‍, രാജു, കെ.ബി.അജി തുടങ്ങിയവര്‍ സംസാരിച്ചു.