കോഴഞ്ചേരി: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യവസായ മേഖലാ പ്രഖ്യാപനം പിൻവലിച്ചത് കൂട്ടായ്മയുടെ വിജയം. സമരത്തിനൊപ്പം നടത്തിയ ശക്തമായ നിയമ പോരാട്ടത്തിനും അവസാനമായാണ് മന്ത്രിസഭയുടെ പിൻവലിക്കൽ തീരുമാനത്തിന് വഴിവച്ചത്. 

ആറന്മുള പാടശേഖരവും പരിസരവും ചേർത്ത് മൗണ്ട് സിയോൺ ഗ്രൂപ്പാണ് വിമാനത്താവളത്തിനായി 2000 ത്തിന്റെ ആദ്യ വർഷത്തിൽ നിലംനികത്തൽ ആരംഭിച്ചത്. 2008 ഓടുകൂടി കെ.ജി.എസ്. ഗ്രൂപ്പ് വിമാനത്താവള സ്ഥലം വാങ്ങുകയും പദ്ധതിക്ക് അന്താരാഷ്ട്ര നിലവാരം പ്രഖ്യാപിക്കുകയും ചെയ്തു. പദ്ധതിക്ക് വേണ്ടി കരിമാരംകുന്ന് ഇടിച്ചുനികത്തിയതോടെ ജനങ്ങൾ പദ്ധതിക്കെതിരായി. ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാനിറങ്ങിയ കമ്പനിക്കെതിരെ 2011 പള്ളിയോട, പള്ളിവിളക്ക് സംരക്ഷണ സമിതി രൂപവത്കരിച്ച് ആദ്യഘട്ടം പ്രാർത്ഥനാ സമരം നടത്തി പ്രതിഷേധിച്ചു.

 2011-ൽ എൽ.ഡി.എഫ്. സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ പദ്ധതിപ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതോടെ ജനങ്ങളിൽ പ്രതിഷേധം ആളിക്കത്തി.
  ഈ സമയത്താണ് കവയിത്രി സുഗതകുമാരിയുെട നിർദേശപ്രകാരം ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ആറൻമുളയുടെ കൂട്ടായ്മ എന്നതിനായി കുമ്മനം രാജശേഖരൻ രക്ഷാധികാരിയും പി.ഇന്ദുചൂഡൻ പ്രസിഡന്റും കെ.ഹരിദാസ് വർകിങ് പ്രസിഡന്റും പി.ആർ.ഷാജി ജനറൽ കൺവീനറുമായി ആറൻമുള പൈതൃക ഗ്രാമ കർമസമിതി രൂപംകൊള്ളുന്നത്. അനാരോഗ്യം വകവയ്ക്കാതെയുളള സുഗതകുമാരിയുടെ പിന്തുണയും കുമ്മനത്തിന്റെ നേതൃപാടവവും ആറൻമുള സമരത്തിന്റെ മുഖച്ഛായ മാറ്റി.

വ്യവസായ മേഖലാ പ്രഖ്യാപനത്തിനെതിരെ സുഗതകുമാരി, കെ.പി.ശ്രീരംഗനാഥൻ, പി.ഇന്ദുചൂഡൻ എന്നിവർ ചേർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിച്ചതോടെ സമരത്തിനൊപ്പം നിയമ പോരാട്ടവും ആരംഭിച്ചു. 2013-ൽ യു.ഡി.എഫ്. സർക്കാർ പദ്ധതിയിൽ പത്ത് ശതമാനം ഓഹരി എടുക്കാൻ തീരുമാനിച്ചതിനെ തുടർന്ന് പദ്ധതിയുടെ പാരിസ്ഥിതിക അനുമതി നിഷേധിക്കണമെന്ന് കാട്ടി കുമ്മനം രാജശേഖരൻ, കെ.പി.ശ്രീരംഗനാഥൻ, പി.പ്രസാദ്, കെ.കെ.റോയിസൺ എന്നിവർ ചെന്നൈ ഹരിത ട്രിബ്യൂണലിനെ സമീപിച്ചതിനെതുടർന്ന് ട്രിബ്യൂണൽ 2014 മെയ് 28ന് അനുമതി നിഷേധിച്ച് ഉത്തരവായി. നിയമ പോരാട്ടം തുടരുന്നതിനിടെ കേരളം കണ്ട ഏറ്റവും നീണ്ട സമരത്തിനും ആറൻമുള വേദിയായി.

 2014 ഫിബ്രവരി 10ന് വിമാനത്താവള കമ്പനി ഓഫീസിന് എതിർവശത്ത് 108 ദിവസം നീണ്ടുനിന്ന പോരാട്ടത്തിന് ആറന്മുള സാക്ഷിയായി. കേരളത്തിലെ ഒട്ടുമിക്ക നേതാക്കളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ആറന്മുളയിലെത്തിച്ചേർന്നു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, എം.എ.ബേബി, എം.എം.മണി, മുല്ലക്കര രത്നാകരൻ, ബിനോയ് വിശ്വം, എൻ.കെ.പ്രേമചന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, എം.റ്റി.രമേശ്, ഇ.എസ്.ബിജിമോൾ, പരിസ്ഥിതി പ്രവർത്തകരായ മാധവ ഗാഡ്ഗിൽ, ദയാബായി, ഡോ. വി.എസ്.വിജയൻ സി.ആർ.നീലകണ്ഠൻ, സാറാജോസഫ്, ചലച്ചിത്രതാരം സുരേഷ് ഗോപി, ഒട്ടേറെ സന്യാസി ശ്രേഷ്ഠർ തുടങ്ങിയവർ ഇവിടെ എത്തിച്ചേർന്നു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പാർട്ടി എതിർപ്പ് മറികടന്ന് വി.എം.സുധീരൻ ആറൻമുളയിലെത്തിയപ്പോൾ പീലിപ്പോസ് തോമസ്, മാലേത്ത് സരളാദേവി, കെ.പി.സി.സി.അംഗം കെ.കെ.റോയിസൺ, ഷാജി ചാക്കോ എന്നിവർ ജനകീയ പ്രക്ഷോഭത്തിൽ പങ്കുചേർന്നു.

തോടുകളും ചാലുകളും പുനഃസ്ഥാപിക്കമമെന്ന് ആവശ്യപ്പെട്ട് ആറന്മുളയിലെ കർഷകൻ വി.മോഹനൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇത് പുനഃസ്ഥാപിക്കാൻ കളക്ടർക്ക് നിർദേശം നൽകി വിധിവന്നപ്പോഴാണ് ഈ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള കർമ സമിതിയുടെ പോരാട്ടവും സമരത്തിന്റെ വിജയത്തിന് കാരണമായി. വ്യവസായ മേഖലാ പ്രഖ്യാപനം പിൻവലിക്കുന്നതിലുള്ള കാലതാമസം ആറന്മുളക്കാരെ ആശങ്കയിലാക്കിരിക്കെയാണ് ജനങ്ങൾക്ക് സന്തോഷം പകർന്ന മന്ത്രിസഭാ തീരുമാനം ഉണ്ടായത്.