അടൂര്‍: പണം വേണ്ട കിറ്റ് മതി. ഈ വാക്കുകള്‍ അടൂര്‍ യുവതയെന്ന കൂട്ടായ്മയുടേതാണ്. ഓണസദ്യയൊരുക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ഓണവിഭവമൊരുക്കാന്‍ കിറ്റ് വിതരണം ചെയ്യുകയാണ് കൂട്ടായ്മ. അടൂരിലും സമീപപ്രദേശങ്ങളിലുമുള്ള 250 ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് തുടക്കമിട്ടതാണ് അടൂര്‍ യുവത എന്ന കൂട്ടായ്മ.

ഇവര്‍ സ്വരൂപിച്ച 1000 ഓണക്കിറ്റുകളാണ് വീടുകളില്‍ വിതരണം ചെയ്തത്. അഞ്ചു കിലോ അരി, അര കിലോ വീതം വരുന്ന ചെറുപയര്‍, പരിപ്പ്, തുമര, പയര്‍, പഞ്ചസാര, വെളിച്ചണ്ണ എന്നിവയും പായസക്കൂട്ടും പപ്പടവും പച്ചക്കറിയുമാണ് ഓരോ കിറ്റിലുമുള്ളത്. ഓണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കണമെന്ന് ആശയം ഉദിച്ചപ്പോള്‍ തന്നെ ഇവര്‍ തീരുമാനമെടുത്തിരുന്നു ആരുടെയും ൈകയ്യില്‍നിന്നും പണം വാങ്ങരുതെന്ന്.

ഓണത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കൂട്ടായ്മ ആവശ്യപ്പെട്ടത് 'പണം വേണ്ട കിറ്റ് മതി' എന്നാണ്. അടൂരിലെ പ്രവാസികളുടെ സഹായത്തോടെയാണ് ഓണക്കിറ്റ് വിതരണം നടത്തിയത്. 50 പേര്‍ക്ക് ഓണക്കോടിയും ഇവര്‍ ഇതോടൊപ്പം വിതരണം ചെയ്തുകഴിഞ്ഞു. ഈ വര്‍ഷത്തെ പ്രളയത്തില്‍ വയനാട്ടില്‍ 1500 വീടുകളില്‍ നേരിട്ട് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഇവര്‍ എത്തിച്ചിരുന്നു. കൂടാതെ കല്‍പ്പറ്റ, പുത്തുമല എന്നീ ഭാഗങ്ങളില്‍ ശുചീകരണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസം തങ്ങുകയും ചെയ്തു. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ യുവതയിലെ അംഗങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനവുമായി മുന്‍പോട്ടുപോകുക എന്ന തീരുമാനത്തിലാണ്.

Content Highlights: Adoor