പത്തനംതിട്ട: ബെംഗളൂരു മാരുതിനഗറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശി റെന്‍വിന്‍ കെ.രാജുവിന് (25) നഷ്ടപരിഹാരമായി 51 ലക്ഷം അനുവദിച്ച് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ എസ്.രാധാകൃഷ്ണന്‍ ഉത്തരവിട്ടു. 

2016 ഒക്ടോബര്‍ 15-ന് ഹര്‍ജിക്കാരന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാറിടിച്ച് യാത്രക്കാരായ റെന്‍വിന്‍ കെ.രാജു, ജുബിന്‍ ജോസഫ് എന്നിവര്‍ പരിക്കേല്‍ക്കാനിടയായി എന്നായിരുന്നു മഡ്വാളാ ട്രാഫിക് പോലീസ് ചാര്‍ജ് ചെയ്ത കേസ്. അപകടത്തില്‍ റെന്‍വിന്‍ കെ.രാജുവിന്റെ വലതുകാലിന് ഒടിവും മാംസപേശികള്‍ക്ക് ചതവും ഉണ്ടായി.

ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഹര്‍ജിക്കാരന്റെ തുടര്‍ചികിത്സ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലായിരുന്നു.

നഷ്ടപരിഹാരമായി 33.18 ലക്ഷവും ഒന്പത് ശതമാനം പലിശയും കോടതി ചെലവും എതിര്‍കക്ഷിയായ ചോളമണ്ഡലം എം.എസ്.ഇന്‍ഷുറന്‍സ് കമ്പനി 30 ദിവസത്തിനകം കെട്ടിവെയ്ക്കാനാണ് കോടതി ഉത്തരവ്.

എം.ബി.എ. ബിരുദധാരിയാണ് റെന്‍വിന്‍. അഭിഭാഷകരായ അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. ടി.എം.വേണുഗോപാല്‍, അഡ്വ. സിന്ധു ടി.വാസു എന്നിവര്‍ മുഖേനയാണ് പരിക്കേറ്റ റെന്‍വിന്‍ കെ.രാജുവും പിന്‍സീറ്റ് യാത്രക്കാരന്‍ ജുബിന്‍ ജോസഫും ഹര്‍ജി നല്‍കിയത്.

മോട്ടോര്‍ സൈക്കിളില്‍ ഒപ്പം യാത്രചെയ്ത ജുബിന്‍ ജോസഫിനേറ്റ പരിക്കുകള്‍ക്ക് 14.58 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ വി.ജി.ശ്രീദേവി ഉത്തരവിട്ടു.