അടൂര്‍: താന്‍ പഠിപ്പിച്ച സ്‌കൂളിലെ കുട്ടികള്‍ കായികമത്സരങ്ങളില്‍ ഉയരങ്ങളില്‍ എത്തണം, ഇതായിരുന്നു റിട്ട. അധ്യാപിക പെരിങ്ങനാട് തെക്കുംമുറി രമണികയില്‍ രമണിക്കുട്ടിയമ്മയുടെ സ്വപ്നം. ഇതിനായി രമണിക്കുട്ടിയമ്മ സ്‌കൂളിന് ദാനമായി നല്‍കിയത് ഒരു കോടി രൂപ വിലവരുന്ന 50 സെന്റ് സ്ഥലം. സ്‌കൂളിലെ കുട്ടികള്‍ക്ക് കായികപരിശീലനത്തിനാണ് സ്ഥലം നല്‍കിയത്. പക്ഷേ ഒന്നും സംഭവിച്ചില്ല. ഈ സ്ഥലം ഒന്നിനും വിനിയോഗിക്കാതെ തുറസായി തന്നെ കിടക്കുകയാണ്.

2014 നവംബറിലാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്‌കൂളിന് അതേ സ്‌കൂളിലെ റിട്ട. അധ്യാപികയായ രമണിക്കുട്ടിയമ്മ സൗജന്യമായി സ്ഥലം നല്‍കിയത്. കായിക പരിശീലനത്തിന് ഉപയോഗിക്കണം എന്നായിരുന്നു വ്യവസ്ഥ. മറ്റ് കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍ പാടില്ല എന്ന വ്യവസ്ഥയും വെച്ചു. പക്ഷേ വര്‍ഷം എട്ടായിട്ടും സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ന്നിട്ടും ദാനംകിട്ടിയ സ്ഥലത്ത് കായികപരശീലനത്തിന് വേണ്ട ഒരു സംവിധാനവും ഒരുക്കിയിട്ടില്ല.

പട്ടാളത്തില്‍നിന്ന് വിരമിച്ച ഭര്‍ത്താവ് എം.ജി. ശിവന്‍കുട്ടി നായരും രമണിക്കുട്ടിയമ്മയും ഏറെ അധ്വാനിച്ച് വാങ്ങിയതായിരുന്നു ഈ സ്ഥലം. തെക്കുംമുറി ഭാഗത്ത് പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രമൈതാനത്തിനു സമീപമാണ് ഈ സ്ഥലം. രമണിക്കുട്ടിയമ്മ അധ്യാപികയായി ജോലിചെയ്തിരുന്ന സമയത്ത് സ്‌കൂളിലെ കുട്ടികള്‍ വിവിധ കായികയിനങ്ങളില്‍ ദേശീയതലം വരെ പോയിരുന്നു. വേണ്ടത്ര പരിശീലനം ലഭിക്കാതെയാണ് ഇവര്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നതെങ്കിലും കുറച്ച് നേട്ടങ്ങള്‍ കൈവരിക്കാനും സമ്മാനങ്ങള്‍ നേടാനും അവരില്‍ ചിലര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ നല്ല പരിശീലനം ഉണ്ടെങ്കില്‍ കുട്ടികള്‍ മെച്ചപ്പെടും എന്ന ചിന്ത രമണിക്കുട്ടിയമ്മയ്ക്ക് ഉണ്ടായി.

അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ചപ്പോള്‍ കുട്ടികള്‍ക്ക് പരിശീലനത്തിന് സ്ഥലം നല്‍കാന്‍ തീരുമാനിച്ചത് ഇതിനാലാണ്. സംസ്ഥാന ഗവര്‍ണറുടെ പേരിലാണ് അന്ന് വസ്തു നല്‍കിയത്. സ്‌കൂളിന് സ്ഥലം നല്‍കുമ്പോള്‍ അരിക് കല്ലുകെട്ടി മുള്ളുവേലി ഇട്ടിരുന്നു. ഇന്ന് മുള്ളുവേലി ഇട്ട സ്ഥാനത്ത് അതിന്റെ ഒന്നോ രണ്ടോ കല്ല് മാത്രം അങ്ങിങ്ങായി കാണാം. സ്ഥലം ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ പി.ടി.എ. സര്‍ക്കാര്‍ തലത്തില്‍ പലതവണ നിവേദനം നല്‍കിയിരുന്നു. പക്ഷേ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.

രമണിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവ് എം.ജി. ശിവന്‍കുട്ടി നായര്‍ക്കും ഇപ്പോള്‍ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ.

തങ്ങള്‍ നല്‍കിയ സ്ഥലം അന്യാധീനപ്പെട്ടുപോകരുത്. ഇതിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മുമ്പ് പ്രമാണരേഖകളില്‍ വെച്ച കായികപരിശീലനംമാത്രം എന്ന വ്യവസ്ഥയില്‍ മാറ്റംവരുത്താനും തയ്യാറാണെന്ന് രമണിക്കുട്ടിയമ്മ പറയുന്നു.