കോയമ്പത്തൂർ: മുടങ്ങിക്കിടക്കുന്ന ബസ്‌സർവീസുകൾ പുനരാരംഭിച്ചതോടെ നഗരത്തിലെ ചെറുതും വലുതുമായ ബസ്‌സ്റ്റാൻഡുകൾ യാചകരുടെ സ്ഥിരം താവളമായി മാറി. കൊറോണയുടെ ഭീതി മാറിയിട്ടില്ലെങ്കിലും കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്‌ താമസസ്ഥലത്തുനിന്ന്‌ അത്യാവശ്യ കാര്യങ്ങൾക്ക്‌ സ്വകാര്യബസ്സുകളിലും സർക്കാർ ബസ്സുകളിലും നഗരത്തിൽ വരുന്നവർക്ക്‌ വഴിനീളെ യാചകശല്യം അനുഭവപ്പെടുന്നുണ്ട്.

വേനൽകാലമായതിനാൽ യാചകർക്ക് ചൂടിൽനിന്ന്‌ തെല്ലൊരു ആശ്വാസമാണ്‌ ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങൾ. കോയമ്പത്തൂർ കോർപ്പറേഷൻ അധികൃതരും സിറ്റി പോലീസും നഗരവാസികളെ യാചകരുടെ ശല്യത്തിൽനിന്ന്‌ മോചിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങിവരുന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും രോഗികളും മാനസികസമനില തെറ്റിയവരും ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രങ്ങളിൽ തണൽതേടിവരുന്നത്‌ കൂടിവരുന്നു. അമ്മമാർ കുട്ടികളെ ഉപയോഗിച്ച്‌ ഭിക്ഷാടനം നടത്തുന്നതും നിത്യ കാഴ്ചയാണ്‌.

പകലന്തിയോളം നഗരത്തിൽ അലഞ്ഞ്‌ തലചായ്‌ക്കാൻ ഇടമില്ലാത്തവരെ പോലീസ്‌ അഭയകേന്ദ്രങ്ങളിലേക്ക്‌ മാറ്റാനും വീടുകളിൽ എത്തിക്കാനും നിർബന്ധനടപടികൾ ആരംഭിച്ചുകഴിഞ്ഞു.

കോയമ്പത്തൂർ ജങ്‌ഷൻ റെയിൽവേസ്റ്റേഷൻ പരിസരം, നഗരഹൃദയഭാഗത്തെ ജില്ലാ ആശുപത്രിക്ക്‌ ചുറ്റുവട്ടം, ആശുപത്രിക്ക്‌ മുൻവശത്തെ സിറ്റി ബസ്‌സ്റ്റാൻഡ്‌ ഷെൽറ്ററുകൾ എന്നിവയിലാണ്‌ യാചകർ തമ്പടിക്കുന്നത്‌. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ അർധനഗ്നരായി കിടക്കുന്നവരും നിത്യക്കാഴ്ചയാണ്‌.

പുളിയകുളത്ത്‌ അനാഥർക്ക്‌ താമസിക്കാൻ കോർപ്പറേഷൻ ഷെൽറ്റർ തുടങ്ങി. 80 പേർക്ക്‌ അവിടെ താമസിക്കാം. ആർ.എസ്‌. പുരം, കെ.എൻ.ജി. പുതൂർ, കെമ്പട്ടികോളനി എന്നിവിടങ്ങളിൽ ഇരുന്നൂറുപേർക്ക്‌ താമസിക്കാവുന്ന രാത്രികാല ഷെൽറ്ററുകളും തുറന്നിട്ടുണ്ട്‌.

ടൗൺഹാൾ പരിസരത്തും ആർട്‌സ്‌ കോളേജ്‌ പരിസരത്തും സി.എം.സി.എച്ച്‌. പരിസരത്തും രാത്രി ഷെൽറ്ററുകൾ പണിയുമെന്ന്‌ സിറ്റി ഹെൽത്ത്‌ ഓഫീസർ എസ്‌. രാജ പറഞ്ഞു.

സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ പ്രത്യേക സ്ഥലങ്ങൾ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി കണ്ടെത്തുന്നുണ്ട്‌. ഭവനരഹിതരായി കഴിയുന്നവർക്കും അനാഥരായവർക്കും പ്രത്യേക കേന്ദ്രങ്ങൾ തുറക്കും.

അധികം പേരെയും വിലാസം കണ്ടെത്തി സ്വന്തം വീട്ടിലേക്ക്‌ എത്തിക്കാനും അധികൃതർ ശ്രമം നടത്തും. ഇതിനായി സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ കൗൺസിലിങ്‌ സംഘടിപ്പിക്കും.