ചെന്നൈ: നാമക്കലില്‍ പത്താംക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റുചെയ്തു. നാമക്കലിലെ ഒരു ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ മതിവാണനാണ് (52) പിടിയിലായത്.

കഴിഞ്ഞയിടെ പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയപ്പോഴാണ് അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതോടെയാണ് മനോവിഷമത്തിലായ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ തക്കസമയം ഇടപെട്ടതിനാല്‍ കുട്ടിയെ രക്ഷിക്കാനായി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍, പരാതി കെട്ടിച്ചമച്ചതാണെന്നാണ് സ്‌കൂളിലെ മറ്റ് അധ്യാപകരടക്കം ആരോപിച്ചിരുന്നത്. അധ്യാപകനെ പിന്തുണച്ച് കഴിഞ്ഞദിവസം അവര്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പോലീസ് ചൊവ്വാഴ്ച രാവിലെ അധ്യാപകനെ അറസ്റ്റുചെയ്തത്.