ചെര്‍പ്പുളശ്ശേരി: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് ഭാര്യ പ്രതിഭാസിങ്ങിനോടൊപ്പം ചളവറയില്‍ സ്വകാര്യസന്ദര്‍ശനത്തിനെത്തി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്ന് റോഡുമാര്‍ഗമാണ് 11 മണിയോടെ ചളവറയിലെത്തിയത്. മുഖ്യമന്ത്രി വീരഭദ്രസിങ്ങിന് കേരളപോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

പിന്നീട് ആതിഥേയനായ പാലാട്ട് ജയകൃഷ്ണന്റെ വീട്ടിലേക്കുപോയി. തിങ്കളാഴ്ച ചളവറയില്‍ തങ്ങുന്ന വീരഭദ്രസിങ് ചൊവ്വാഴ്ച രാവിലെ 7ന് കാരാട്ടുകുറിശ്ശി ആറംകുന്നത്തുകാവില്‍ ദര്‍ശനംനടത്തും. ക്ഷേത്രത്തില്‍ ചൊവ്വാഴ്ച നടത്തുന്ന കളംപാട്ട് ചടങ്ങുകളിലും സംബന്ധിക്കും.
ചെര്‍പ്പുളശ്ശേരി സി.ഐ. എ. ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുരക്ഷയൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിക്ക് തിരിക്കും.