ചെന്നൈ : പ്രണയിച്ച പെൺകുട്ടിക്കൊപ്പം അനുജൻ ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഈ വിവരമറിഞ്ഞ് ഒളിച്ചോടിയ അനുജനും പെൺകുട്ടിയും വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരും ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തിൽ താമസിക്കുന്ന പെരിയ കറുപ്പനാണ് (26) മരിച്ചത്. ഒരു നിർമാണക്കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ഇയാളുടെ ഇളയസഹോദരൻ ചിന്ന കറുപ്പൻ (24) മെക്ക് സെറ്റ് സ്ഥാപനം നടത്തുകയാണ്.
അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന ബന്ധുവായ പതിനാറുകാരിയായ പെൺകുട്ടിയോട് പെരിയ കറുപ്പന് പ്രണയമുണ്ടായിരുന്നു. ആ കുട്ടിയോട് ഇക്കാര്യം പറഞ്ഞില്ലെങ്കിലും സ്വന്തം വീട്ടിൽ വിഷയം അവതരിപ്പിച്ചിരുന്നു. പെൺകുട്ടിയെ വിവാഹംചെയ്യാനായിരുന്നു പെരിയകറുപ്പന്റെ ആലോചന.
എന്നാൽ, അതിനിടയിൽ പെൺകുട്ടിയും ചിന്നകറുപ്പനും തമ്മിൽ അടുപ്പത്തിലായി. കഴിഞ്ഞയിടെ ഇരുവരും ഒളിച്ചോടി. ഇതേത്തുടർന്ന് മനോവിഷമത്തിലായ പെരിയകറുപ്പൻ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
വിഷംകഴിച്ച് ആത്മഹത്യയ്ക്കുശ്രമിച്ച ചിന്ന കറുപ്പനെയും പെൺകുട്ടിയെയും മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
content highlights: youth ends life after younger brother elops with young woman