മലമ്പുഴ: ഉദ്യാനത്തിനകത്ത് കാട്ടാനകൾ വീണ്ടുമെത്തി. ഞായറാഴ്ച അർധരാത്രിയിലാണ് കാട്ടാനകളെത്തിയത്. എലിച്ചിരം മലയിറങ്ങിയ കാട്ടാനകൾ ചെക് ഡാമിലൂടെ നടന്നും നീന്തിയും പുഴപ്പാലത്തിനടിയിലുടെ കടന്നാണ് മലമ്പുഴ ഉദ്യാനത്തിൽ പ്രവേശിച്ചത്. ഉദ്യാനത്തിൽ പുതുതായി നിർമിച്ച തൂക്കുപാലത്തിന് സമീപമുള്ള അലങ്കാരപനകൾ രണ്ടെണ്ണം കുത്തിമറിച്ചിട്ടു. ജപ്പാൻ പാർക്കിന് സമീപമുള്ള അലങ്കാരമുളകളും നശിപ്പിച്ചു. ഉദ്യാനത്തിൽ എല്ലാഭാഗത്തും കാട്ടാനകളുടെ വിളയാട്ടമുണ്ടായി .
ഉദ്യാനത്തിലേക്കുള്ള പ്രവേശനകവാടത്തിന് സമീപത്തും ആനകളെത്തി. അണക്കെട്ടിന് തൊട്ടുതാഴെ മാലാഖ ഫൗണ്ടന് സമീപമുള്ള അലങ്കാര നീർച്ചാലിന് കുറുകെയുള്ള സ്ലാബുകളും നശിപ്പിച്ചു. ഈ മാസം 16-ന് അർധരാത്രിയിലും കാട്ടാനകളെത്തി അലങ്കാരപനകൾ നശിപ്പിച്ചിരുന്നു. സാധാരണയായി സന്ദർശകർ അധികമെത്താത്ത ഉദ്യാനത്തിനകത്തെ മാവിൻതോട്ടത്തിലും, ഗവർണർ സീറ്റിലുമാണ് കാട്ടാനകളെത്താറുള്ളത്. കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഭാഗത്ത് കാട്ടാനകളെത്തുന്നത് ആശങ്കയുളവാക്കുന്നു.