ഈറോഡ്: ഈറോഡ് ജില്ലയിലെ ഭവാനിസാഗറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വഴിയരികില്‍ക്കിടന്നിരുന്ന സ്ത്രീയെ കാട്ടാന തൂക്കിയെറിഞ്ഞു. ഭാവാനിസാഗര്‍ നാല്‍റോഡില്‍ താമസിക്കുന്ന കുമാര്‍ (29) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള 55 വയസ്സുള്ള സ്ത്രീയെ ആന ആക്രമിക്കുന്നതുകണ്ട് പ്രദേശത്തുള്ളവര്‍ ഓടിക്കാന്‍ ശ്രമിച്ചിരുന്നു.

ഇവരുടെനേര്‍ക്ക് ആന പാഞ്ഞു വരികയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുമാറിനെ ആന ചവിട്ടിക്കൊന്നു. കഴിഞ്ഞദിവസം രാവിലെയാണ് തൊട്ടടുത്ത വനത്തില്‍നിന്ന് ഒറ്റയാന്‍ റോഡിലേക്കുവന്ന് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ റോഡുപരോധിച്ചു. വിവരമറിഞ്ഞ് തഹസില്‍ദാര്‍, വനപാലകര്‍, പോലീസ് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി സമരം അവസാനിപ്പിച്ചു.

കുമാറിന്റെ മൃതദേഹം സത്യമംഗലം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരിക്കേറ്റ സ്ത്രീ സത്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.