പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെൺകുട്ടികളുടെ മരണം സംബന്ധിച്ച കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ പോലീസ് അപ്പീൽ നൽകും. ഇതിനുള്ള നിയമോപദേശം ലഭിച്ചതായി തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, ഇനിയൊരു പോലീസന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. മൂത്ത പെൺകുട്ടിയെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് താനും ഭർത്താവും നേരിൽക്കണ്ടിരുന്നു. ഈ വിവരം അന്വേഷണസംഘത്തിന് മുന്നിലും കോടതിയിലും പറഞ്ഞിട്ടും നീതികിട്ടിയില്ല. പ്രതികൾക്ക് സി.പി.എം. ബന്ധമുണ്ടെന്നും ഇവർ ആരോപിച്ചു.

സി.പി.എം. ജില്ലാനേതൃത്വം കുട്ടികളുടെ മരണംസംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ടു. പ്രതികളെ വെറുതെവിടാനുള്ള വിധിയുണ്ടായത് പ്രോസിക്യൂഷന്റെ വീഴ്ചയാണോ അതോ അന്വേഷണത്തിലെ വീഴ്ചയാണോ എന്ന്‌ പരിശോധിക്കണമെന്നും പാർട്ടി ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

കേസുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധമില്ലെന്ന് സി.പി.എം.പുതുശ്ശേരി ഏരിയാസെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കേസന്വേഷണത്തിന്റെ ഒരുഘട്ടത്തിലും പാർട്ടിപ്രവർത്തകർ ആരും ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്‌ കേസിന്റെയും വിധിപ്പകർപ്പ്‌ കിട്ടിയാലുടൻ അപ്പീൽനൽകുമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസങ്ങളിൽനടന്ന കോടതിവിധികളിൽ ഒരു പ്രതിയെ ആദ്യം വെറുതെവിട്ടതിന്റെ വിധിപ്പകർപ്പ് പോലീസിന്‌ കിട്ടിയതായി ഡി.െഎ.ജി. പറഞ്ഞു.

25-ന് മൂന്നുപ്രതികളെ വെറുെതവിട്ടതിന്റെ വിധിപ്പകർപ്പ് കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. അതിനുശേഷമാകും അപ്പീലിനുപോവുക. പ്രതികളും സാക്ഷികളും കോടതിയിൽ കൊടുത്തിട്ടുള്ള മൊഴിയുടെ പകർപ്പും അപ്പീൽനൽകാൻ ആവശ്യമാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ശേഖരിച്ചാലേ മുൻ അന്വേഷണത്തിൽ വീഴ്ചപറ്റിയോ എന്ന്‌ വ്യക്തമാവൂ എന്ന്‌ ഡി.ഐ.ജി. പറഞ്ഞു.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുണ്ടായതായി നേരത്തേതന്നെ ആരോപണമുയർന്നിരുന്നു. പ്രതികൾക്കായി ആദ്യം കേസ് വാദിച്ച അഭിഭാഷകൻ പിന്നീട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായതായി പരാതിയുയർന്നു. ഈ അഭിഭാഷകനുമായി ബന്ധപ്പെട്ടവർതന്നെയാണ് പിന്നീട് പ്രതികൾക്കായി വാദിച്ചതും പ്രോസിക്യൂഷനുവേണ്ടി പലപ്പോഴും ഹാജരായതുമെന്ന ആക്ഷേപം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കയാണ്.

വിധിപ്പകർപ്പ് പഠിച്ച് ഇടപെടും

വാളയാർ കേസിന്റെ വിധിപ്പകർപ്പ് പഠിച്ചശേഷം ആവശ്യമെങ്കിൽ ഇടപെടും. ഏത്‌ സാഹചര്യത്തിലാണ് പ്രതികളെ വെറുതെവിട്ടതെന്ന്‌ പരിശോധിക്കും. വിധിപ്പകർപ്പ് കണ്ടശേഷമേ കേസന്വേഷണത്തിൽ വീഴ്ചയുണ്ടായോ എന്ന്‌ പറയാനാകൂ. കുറ്റംചെയ്തവരെ വെറുതെവിടാൻ അനുവദിക്കില്ല. പ്രതിഭാഗം അഭിഭാഷകനെ സി.ഡബ്ല്യു.സി. ചെയർമാനാക്കിയതിൽ തെറ്റില്ല. നിയമനം നടത്തുന്നതിനുമുമ്പ് കേസിന്റെ കാര്യം പരിശോധിച്ചിരുന്നു. പ്രശ്നങ്ങളില്ലെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ് ചെയർമാനാക്കിയത്.

-മന്ത്രി കെ.കെ. ശൈലജ

എന്റെ മക്കൾക്ക് നീതികിട്ടണം

ഇനിയൊരു പോലീസന്വേഷണത്തിൽ വിശ്വാസമില്ല. അന്വേഷണത്തിന്റെ ഓരോ സമയത്തും ഉദ്യോഗസ്ഥർ രേഖകളും തെളിവുകളുമെല്ലാം വാങ്ങിപ്പോയപ്പോൾ കരുതിയതൊക്കെ വെറുതെയായി. ഇനി ഒരുരേഖയോ തെളിവോ ഞങ്ങളുടെ കൈയിലില്ല. എന്റെ മക്കൾക്ക് നീതിലഭിക്കുന്ന അന്വേഷണം വേണം.

-കുട്ടികളുടെ അമ്മ

Content highlights: Walayar rape case; Police will move appeal before court, mother responds