വടക്കഞ്ചേരി: യാത്രക്കാർക്കും കടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ വഴിയോരക്കച്ചവടം പാടില്ലെന്ന പഞ്ചായത്തിന്റെ നിർദേശത്തിന് പുല്ലുവില. നടപ്പാത കൈയടക്കിയും കടകളിലേക്കുള്ള വഴി മുടക്കിയും വടക്കഞ്ചേരിയിൽ വഴിയോരക്കച്ചവടം തുടരുന്നു. വ്യാഴാഴ്ച പഞ്ചായത്ത് അധികൃതർ വിളിച്ചുചേർത്ത വഴിയോരക്കച്ചവടക്കാരുടെ യോഗത്തിൽ യാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ കച്ചവടം നടത്തരുതെന്ന് നിർദേശം നൽകിയിരുന്നു. പാലിക്കാമെന്ന് വഴിയോരക്കച്ചവടക്കാർ ഉറപ്പും നൽകി. എന്നാൽ, നടപ്പാത കൈയേറിയും കടകളുടെ മുമ്പിലും വാഹനം നിർത്തിയും ഉന്തുവണ്ടികളിലും കച്ചവടം തുടരുകയാണ്.
ടൗണിലെ തിരക്കുള്ള ബസ് സ്റ്റോപ്പായ സുനിതാമൊക്കിൽ ഉന്തുവണ്ടി മൂടിക്കെട്ടി റോഡിൽ നിർത്തിയിട്ടിട്ടുമുണ്ട്. വഴിയോരക്കച്ചവടക്കാർക്ക് മാർച്ചിനുശേഷം സ്ഥിരം സംവിധാനമൊരുക്കുമെന്നും പഞ്ചായത്ത് അധികൃർ യോഗത്തിൽ അറിയിച്ചിരുന്നു.
വഴിമുടക്കിയുള്ള കച്ചവടം തടയുന്നതിനായി പരിശോധന നടത്തുമെന്ന പതിവുമറുപടിയാണ് പഞ്ചായത്ത് നൽകുന്നത്. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപേകുമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സെക്രട്ടറി പി. ബാലമുരളി പറഞ്ഞു.
bb വഴിയോരക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവുവില്പനയും bb വഴിയോരക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവുവില്പന നടക്കുന്നെന്ന വിവരം ലഭിച്ചതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. വൈകുന്നേരം ടൗണിൽ നല്ല തിരക്കായതിനാൽ കഞ്ചാവുവില്പനയും കൈമാറ്റവും ശ്രദ്ധയിൽപ്പെടുകയുമില്ല.