കൂറ്റനാട്: മതുപ്പുള്ളിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ അകിലാണം ശിവക്ഷേത്രത്തിന് സമീപമുള്ള മതുപ്പുള്ളി പാടശേഖരത്തിലെ കുളത്തിലാണ് അപകടം. പുലായിക്കൽ വീട്ടിൽ കബീറിന്റെ മകൻ അൽ അമീൻ (14), മതുപ്പുള്ളി കോരങ്കുഴിയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ ഷഹദ് (12) എന്നിവരാണ് മരിച്ചത്

കുളത്തിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അതിനുശേഷം കുളിക്കാൻ പോവുകയായിരുന്നുവെന്ന് കരുതുന്നതായി ചാലിശ്ശേരി പോലീസ് പറഞ്ഞു. കൂടെ കളിച്ചുകൊണ്ടിരുന്ന ഷിഫാൻ എന്ന കുട്ടിയും ഇവർക്കൊപ്പം ഇറങ്ങിയിരുന്നു. അൽ അമീനും ഷഹദും മുങ്ങിത്താഴുന്നത്‌ കണ്ട് ഷിഫാൻ പേടിച്ച് കരയ്ക്ക് കയറി കരഞ്ഞുകൊണ്ടോടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഷിഫാന്റെ നിലവിളി കേട്ട് സമീപത്തെ വീട്ടിലെ കുട്ടികളുടെ ട്യൂഷൻ ടീച്ചർ കൂടിയായ രാജിയും സഹോദരങ്ങളുമാണ് സ്ഥലത്ത് ആദ്യം എത്തുന്നത്. ഇവർ കുളത്തിലേക്കിറങ്ങി തിരച്ചിൽ ആരംഭിച്ചപ്പോഴേക്കും നാട്ടുകാരുമെത്തി. തുടർന്ന് കുട്ടികളെ പുറത്തെടുത്തു.

ഇരുവരെയും ആദ്യം പെരുമ്പിലാവിലെയും പിന്നീട് തൃശ്ശൂരിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം ഏഴുമണിയോടെ ആദ്യം അൽ അമീനും ഒരു മണിക്കൂറിനുശേഷം ഷഹദും മരിച്ചു. പെരിങ്ങോട് ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് അൽ അമീൻ. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ആഷിം, ഇർഷാൻ.

തൃശ്ശൂർ ജില്ലയിലെ ചിറമനങ്ങാട് കോൺകോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹദ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഷഹന, ഷഹല, ഷഹ്‌മ.

മൃതദേഹങ്ങൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചാലിശ്ശേരി പോലീസ് കേസെടുത്തു.

Content Highlights: two students drowned to death in koottanad palakkad