പാലക്കാട് : നഗരത്തിലേക്കൊന്ന് ഇറങ്ങിയാൽ തല വേദനിക്കും. റോഡ് നീളെ പണികളാണ്. മുന്നറിയിപ്പുകളില്ലാതെ പാതയോരങ്ങൾ വെട്ടിപ്പൊളിച്ച് കലുങ്ക് പണിയുൾപ്പെടെ നടക്കുന്നതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് നഗരം. ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം ഗതാഗതത്തിരക്ക്‌ കൂടിയാവുന്നതോടെ റോഡിൽ നരകിക്കുകയാണ് യാത്രക്കാർ. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ് പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പ്രധാനറോഡുകളിലെല്ലാം തടസ്സം തുടരുകയാണ്.

അമൃത് പദ്ധതിയുടെ ഭാഗമായുള്ള കലുങ്ക് പണിയുന്നതിന് റോഡ് പൊളിച്ചതോടെയാണ് ബി.ഒ.സി. റോഡിൽ ഗതാഗതത്തിരക്ക് ഏറിയത്. ഇതുവഴി ഒരുവശത്തേക്ക് മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. വലിയങ്ങാടി, ശകുന്തള ജങ്ഷൻ എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങളെ മോയൻസ് സ്കൂൾ റോഡ് വഴിയും പാലത്തിന് താഴെയുള്ള റോഡ് വഴിയും കടത്തിവിടും. യാത്ര ഒരുവശത്തേക്ക് മാത്രമാക്കി ചുരുക്കിയിട്ടുണ്ടെങ്കിലും മാർക്കറ്റ്, ശകുന്തള ജങ്ഷൻ ഭാഗങ്ങളിൽനിന്ന് വരുന്നവരുടെ തിരക്ക് ഏറെയാണ്. ഇതോടെ വാഹനം തിരിക്കാനാവാതെ യാത്രക്കാരും നടന്നുപോകാനാകാതെ കാൽനടയാത്രക്കാരും പാടുപെടുകയാണ്. രാവിലെയും വൈകീട്ടും മാർക്കറ്റിലെത്തുന്ന കച്ചവടക്കാരടക്കമുള്ളവർ സ്ഥലത്ത് കുടുങ്ങുന്ന സ്ഥിതിയുമുണ്ട്.റോഡ് നീളെ പണി; കുരുക്കഴിയാതെ നഗരം

മറ്റ് റോഡുകളിലുംതിരക്കോട്‌ തിരക്ക്

ബി.ഒ.സി. റോഡിൽ ഗതാഗതം നിയന്ത്രിച്ചതോടെ മറ്റ് റോഡുകളിൽ തിരക്കേറി. വിക്ടോറിയ കോളേജ് ഭാഗത്തുനിന്ന് കെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡ്, വലിയങ്ങാടി ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് സുൽത്താൻപേട്ട റോഡിനെ ആശ്രയിക്കേണ്ടിവരുന്നു. അതിനാൽ മോയൻസ് സ്‌കൂളിൽനിന്ന് സുൽത്താൻപേട്ടവരെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. എളുപ്പമെത്താൻ പലരും റോബിൻസൺ റോഡുകൂടി ആശ്രയിക്കുന്നതോടെ ജില്ലാശുപത്രിക്ക് മുന്നിലും കുരുക്കായി. ജി.ബി. റോഡിൽ അഴുക്കുചാലിന്റെ പണി നടക്കുന്നതിനാൽ തിരക്ക് കുരുക്കാകുന്നു.