പാലക്കാട് : വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ് (16), ഫേസ് ടു തെരുവ് ജോസഫിന്റെ മകൻ ആന്റോ (16), കാമരാജ്നഗർ ഷൺമുഖന്റെ മകൻ പൂർണേഷ് (16) എന്നിവരെയാണ് കാണാതായത്.

ഇവരോടൊപ്പമുണ്ടായിരുന്ന കുളിക്കാനിറങ്ങിയ സുന്ദരാപുരം സ്വദേശികളായ രാഹുൽ, പ്രണവ് എന്നിവർ രക്ഷപ്പെട്ടു. ഡാമിൽ കുളിക്കുന്നതിനിടെ മണൽകുഴികളിൽ മുങ്ങിത്താഴ്ന്ന സഹപാഠിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും അപകടത്തിൽപ്പെട്ടതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഇവർക്കായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഡാമിന്റെ തമിഴ്നാട് ഭാഗത്തുള്ള പിച്ചനൂർ ഭാഗത്താണ് അപകടമുണ്ടായത്. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽമണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ വിദ്യാർഥികളും സഹപാഠികളുമായ അഞ്ചംഗസംഘമാണ് ഡാമിൽ കുളിക്കാനെത്തിയത്. സംഘത്തിലെ സഞ്ജയാണ് ആദ്യം മണൽകുഴിയുള്ള ഭാഗത്ത് വെള്ളത്തിൽപ്പെട്ടത്. ഇവിടെ ചെളിക്കെട്ടുള്ളതായും പരിസരത്തുള്ളവർ പറഞ്ഞു. ഈ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും മുങ്ങിത്താഴ്ന്നത്.

ഉടൻ കഞ്ചിക്കോട് അഗ്നിരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടൊപ്പം പാലക്കാട് അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരും സ്കൂബ ടീമും ഡാമിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു. രാത്രി ലൈറ്റ് സജ്ജീകരിച്ച് ഇവർക്കായി തിരച്ചിൽ തുടർന്നു.

Content Highlights: Three TN students go missing in Walayar dam