പാലക്കാട്: 'എന്റെ മകനെ കണ്ടോ, അവന്‍തന്നെയാണോ ഇവിടെ വന്നത്. ഇതുവരെയും വീട്ടില്‍തിരിച്ചെത്തിയില്ല...' വാളയാര്‍ ഡാമിന്റെ പരിസരത്ത് തടിച്ചുകൂടിനില്‍ക്കുന്ന നാട്ടുകാരോട് ഇടറിയ ശബ്ദത്തില്‍ ആ അച്ഛന്‍ ചോദിച്ചു. ആ ചോദ്യത്തിന് മറുപടി നല്‍കാന്‍ ആര്‍ക്കുമായില്ല. 

ഡാമിന്റെ കരയില്‍ അഴിച്ചുവെച്ചിരുന്ന പാന്റും ഷര്‍ട്ടുമെല്ലാം എടുത്തുനോക്കി. പിന്നീട് അടങ്ങാത്ത കണ്ണീരുമാത്രമാണ് ആ കണ്ണുകളില്‍ കാണാനായത്. വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി ആന്റോയുടെ അച്ചന്‍ ജോസഫ് കെന്നഡിയായിരുന്നു വേദനയടക്കാനാവാതെ പൊട്ടിക്കരഞ്ഞത്. 

സഹപാഠികള്‍ മാത്രമല്ല, ഉറ്റചങ്ങാതിമാര്‍കൂടിയായിരുന്നു കാണാതായ കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, ആന്റോ, പൂര്‍ണേഷ് എന്നിവര്‍. അയല്‍വാസികള്‍കൂടിയായ രാഹുല്‍, പ്രണവ് എന്നിവരുള്‍പ്പെടെ അഞ്ചുപേരും അല്പനേരം ചെലവഴിക്കാനെത്തിയതായിരുന്നു ഇവിടെ. കുളിക്കാനിറങ്ങിയ ഭാഗത്ത് മണല്‍ക്കുഴിയുടെയും ചെളിക്കെട്ടിന്റെയും അപകടം ഇവര്‍ക്ക് തിരിച്ചറിയാനായില്ല.

സുഹൃത്ത് സഞ്ജയ് മുങ്ങിത്താഴുന്നതുകണ്ടാണ് ആന്റോയും പൂര്‍ണേഷും രക്ഷിക്കാന്‍ ഈ ഭാഗത്തെത്തിയത്. ഈസമയം മറ്റുള്ളവര്‍ കുറച്ചകലെയായിരുന്നു. ഉറ്റചങ്ങാതിമാര്‍ അപകടത്തില്‍പ്പെടുന്നത് കണ്ട് നിലവിളിക്കാന്‍ മാത്രമേ ഇവര്‍ക്കായുള്ളൂ. അതിനോടകം മൂവരും വെള്ളത്തില്‍ മുങ്ങിത്താണു.

കഞ്ചിക്കോട്, പാലക്കാട് ഭാഗത്തുനിന്ന് അഗ്‌നിരക്ഷാജീവനക്കാരും സ്‌കൂബ ടീമുമെല്ലാം പറന്നെത്തി. വിശ്രമമില്ലാതെ ആ തിരച്ചില്‍ തുടര്‍ന്നു രാത്രി വൈകിയും. 2018-ല്‍ തമിഴ്‌നാട് കോവൈപുതൂര്‍ സ്വദേശികളായ അഞ്ചുപേര്‍ ഇവിടെ മുങ്ങിമരിച്ചിരുന്നു. ഈ കാലയളവില്‍മാത്രം ഒരുവര്‍ഷത്തിനുള്ളില്‍ 13 പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. 2021 മാര്‍ച്ചില്‍ തമിഴ്‌നാട് വിരുദനഗര്‍ സ്വദേശി മുരുകനും ഡാമില്‍ മുങ്ങിമരിച്ചിരുന്നു.

Content Highlights: Three students from Coimbatore missing in Walayar dam