പാലക്കാട്: വർണക്കുടകളും കാറ്റാടിയും ബലൂണുകളുമായി അണിഞ്ഞൊരുങ്ങിയ സ്കൂൾ അങ്കണങ്ങൾ അധ്യയനത്തിന്റെ ആദ്യദിനം കുരുന്നുകൾക്ക് പുത്തൻ കാഴ്ചകളൊരുക്കി. കരഞ്ഞും വാശിപിടിച്ചും നിന്നവർക്ക് കളിപ്പാട്ടങ്ങളും പായസവും മധുരപലഹാരങ്ങളുമൊക്കെ നൽകി അധ്യാപകർ നല്ല കൂട്ടുകാരായി.

ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടന്ന മലമ്പുഴ ജി.വി.എച്ച്.എസ്.എസ്സിൽ ശിങ്കാരിമേളവും ബാൻഡ് വാദ്യവുമടങ്ങിയ ഘോഷയാത്രയോടെയായിരുന്നു തുടക്കം. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയവരെ വർണത്തൊപ്പിയും കാറ്റാടിയും നൽകി വരവേറ്റു. ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രവേശനം നേടിയ ലതിക, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രവേശനം നേടിയ ഷബീർ അഹമ്മദ് എന്നിവർക്ക് നോട്ട്ബുക്കും പേനയും നൽകി വരവേറ്റു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ സന്ദേശം വായിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.യു. പ്രസന്നകുമാരി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിനുമോൾ, ജില്ലാപഞ്ചായത്ത് അംഗം കെ. രാജൻ, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ടി. ജയപ്രകാശ്, എ.ഇ.ഒ. സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ടി.എൻ. മുരളി, പി.ടി.എ. പ്രസിഡന്റും പാലക്കാട് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്ററുമായ എം.ആർ. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.