വടക്കഞ്ചേരി: ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം ആലിൻചുവട് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയ സ്വകാര്യ ബസിനുപിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിടിച്ചു. സർവീസ് റോഡ് വഴി വരേണ്ട സ്വകാര്യബസ് ദേശീയപാതയിലൂടെവന്ന് സ്റ്റോപ്പിൽ നിർത്തിയതാണ് അപകടത്തിനിടയാക്കിയത്. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
സ്വകാര്യബസ് പെെട്ടന്ന് നിർത്തിയപ്പോൾ പിന്നിൽവന്ന ബസ് ഇടിക്കാതിരിക്കാനായി വലത്തേക്ക് വെട്ടിച്ചെങ്കിലും ഇടതുവശം സ്വകാര്യബസിന്റെ പിന്നിലിടിച്ചു. സേലം കൃഷ്ണഗിരിയിൽനിന്നുള്ള തീർഥാടക സംഘമായിരുന്നു ബസിൽ. തൃശ്ശൂർ-പാലക്കാട് റൂട്ടിലോടുന്ന സി.സി. എന്ന സ്വകാര്യ ബസിന്റെ പിന്നിലാണ് തീർഥാടകസംഘം സഞ്ചരിച്ച ബസിടിച്ചത്.
സ്വകാര്യബസിന്റെ പിൻഭാഗത്ത് കാര്യമായ ആഘാതമേൽക്കാതിരുന്നതിനാൽ പിന്നിലുളള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിലൂടെയുള്ള സ്ഥിരംയാത്രക്കാർക്ക് മാത്രമേ ആലിൻചുവട്ടിൽ സ്വകാര്യബസുകൾ നിർത്തുമെന്ന് അറിയുകയുള്ളൂ. ആലിൻചുവട് ഭാഗത്ത് ദേശീയപാതയിൽ ബസ് നിർത്താൻ നിയമപരമായി അനുവാദമില്ലാത്തതിനാൽ സൂചനാബോർഡുകളും സ്ഥാപിച്ചിട്ടില്ല.
ഇടിയുടെ ശക്തിയിൽ ബസിന്റെ ചില്ല് പൂർണമായും തകർന്നു. വാതിലിന്റെ ഭാഗം ഉള്ളിലേക്ക് അമർന്നതോടെ തുറക്കാൻ സാധിച്ചില്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി വാതിൽ പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസെത്തി വാഹനങ്ങൾനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
സംഭവത്തിനുശേഷം സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ വന്ന സ്വകാര്യ ബസുകൾ നാട്ടുകാർതടഞ്ഞ് സർവീസ് റോഡിലൂടെ തിരിച്ചുവിട്ടു. 2018 ജനുവരി 21-ന് ആലിൻചുവട് സ്റ്റോപ്പിൽ ദേശീയപാതയിൽ നിർത്തിയ സ്വകാര്യ ബസിന്റെ പിന്നിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കുറച്ചുകാലം നിയമംപാലിക്കും, പിന്നീടെല്ലാം പഴയപോലെ
അപകടംനടന്ന് കുറച്ചുകാലം സ്വകാര്യ ബസുകൾ സർവീസ് റോഡിലൂടെ പോകുമെങ്കിലും അപകടം മറക്കുന്നതോടെ വീണ്ടും ദേശീയപാതവഴിവന്ന് സ്റ്റോപ്പിൽ നിർത്തുകയാണ് പതിവ്. ആലിൻചുവടിനുപുറമേ കുളവൻമുക്കിലും സമാനമായ സ്ഥിതിയുണ്ടെന്ന് ഹൈവേപോലീസ് പറയുന്നു. ഇടയ്ക്ക് ഹൈവേപോലീസ് പരിശോധനയ്ക്കായി നിൽക്കുമ്പോഴും സർവീസ് റോഡിലൂടെ പോകും.
2018-ൽ ആലിൻചുവട്ടിൽ തുടർച്ചയായി മൂന്ന് അപകടമുണ്ടായപ്പോൾ ഹൈവേപോലീസ് ഡ്രൈവർമാർക്ക് ബോധവത്കരണക്ലാസ് നൽകിയിരുന്നു. ബസുകൾ സർവീസ് റോഡ് ഒഴിവാക്കുന്നതിനെതിരേ നാട്ടുകാരുടെയും വിവിധ രാഷ്ട്രീയകക്ഷികളുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടന്നിരുന്നു.