പാലക്കാട്: ബോക്സിങ് റിങ്ങിനുള്ളിലെത്തിയാൽപ്പിന്നെ എതിരാളിയെ വീഴ്ത്തുന്നതിലായിരിക്കണം മുഴുവൻ ശ്രദ്ധയും. ഒറ്റയ്‌ക്കുള്ള പോരാട്ടമാണ്, പ്രതിരോധത്തിനിടെ തളർന്നാലും വീഴാതെ പിടിച്ചുനിൽക്കണം. മുന്നിലുള്ള തടസ്സങ്ങളെ മികച്ച പഞ്ചിലൂടെ മറികടക്കണമെന്ന ദൃഢനിശ്ചയവും വേണം.

വർഷങ്ങൾക്കുമുമ്പ് മൂന്നാംക്ലാസുകാരിയുടെ മനസ്സിൽത്തോന്നിയ ബോക്സിങ് സ്വപ്നത്തിനും ആ ശ്രദ്ധയും ദൃഢനിശ്ചയവും ഉണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ പാലക്കാട്ടുകാരിക്ക് വിജയം പുതിയപാതയിലേക്കുള്ള ചവിട്ടുപടി മാത്രമായിരുന്നു. ബോക്സിങ്താരം കൊട്ടേക്കാട് എണ്ണപ്പാടം മന്ദത്തുവീട്ടിൽ എസ്. അലോക ഒന്നാം ക്ലാസുമുതൽ എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസ്സിലായിരുന്നു പഠിച്ചത്. 2018-ൽ എട്ടാംക്ലാസിൽ പഠിക്കുന്ന സമയത്ത് ടെന്നീസായിരുന്നു പങ്കെടുത്ത മത്സരയിനം. അപ്പോഴാണ് സ്പോർട്സ് സ്കൂളിലേക്കുള്ള സെലക്ഷൻ വരുന്നത്. കഠിനമായ പരിശ്രമങ്ങൾക്കൊടുവിൽ ജില്ലയിൽനിന്ന് കണ്ണൂർ സ്പോർട്സ് സ്കൂളിലേക്ക് (വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ) തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസ് മുതലുള്ള പഠനം ഇവിടെ തുടങ്ങി. ഇതോടൊപ്പം കായികമേഖലയിലെ ഉയരങ്ങൾ തേടിയുള്ള യാത്രയും.

ബോക്സിങ് ചാന്പ്യൻഷിപ്പിലും തിളങ്ങി, ഒപ്പം പത്താംക്ലാസ് പരീക്ഷയിലും

:പുതിയ സ്കൂളിൽ ഫുട്ബോൾ ടീമിലെ ഗോൾ കീപ്പറായാണ് അരങ്ങേറ്റം കുറിച്ചത്. ലക്ഷ്യം ബോക്സിങ്ങായതിനാൽ അടുത്ത സെലക്ഷനിൽത്തന്നെ ബോക്സിങ് ടീമിലുമെത്തി. പരിശീലകൻ എം.എസ്. സിജിന്റെ നേതൃത്വത്തിൽ പിന്നീടങ്ങോട്ട് കഠിനാധ്വാനത്തിലായിരുന്നു. രാവിലെ ആറുമുതൽ ഒമ്പതുവരെയും വൈകുന്നേരം 4.30 മുതൽ ആറുവരെയും പരിശീലനം. പഠിക്കാനും സമയം കണ്ടെത്തി. ആ യാത്ര ചെന്നെത്തിയത് സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യനിലേക്കായിരുന്നു. സംസ്ഥാനതലത്തിലെ ആദ്യ മത്സരത്തിൽതന്നെ ഒന്നാംസ്ഥാനംനേടി സ്വർണ മെഡലുമായാണ് അലോക തിരിച്ചെത്തിയത്.

എസ്.എസ്.എൽ.സി. പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി വീണ്ടും അഭിമാനമായിമാറി.

പ്രതിസന്ധിയിൽ തളരാതെ

:അലോകയ്‌ക്ക് കൂട്ടായുണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു. ഉന്നതനിലവാരമുള്ള പരിശീലനം തേടിപ്പോകാൻ കഴിയുമോയെന്ന ആശങ്കയായിരുന്നു എപ്പോഴും. കൊട്ടേക്കാട്ടിലെ തറവാട്ടുവീട്ടിൽ മുത്തശ്ശൻ മാണിക്യനും മുത്തശ്ശി മീനാക്ഷിയും ബന്ധുക്കളുമെല്ലാം അലോകയുടെ സ്വപ്നങ്ങൾക്ക് തണലേകി. സ്പോർട്സ് സ്കൂളിലേക്ക് സെലക്ഷൻകിട്ടാൻ കായികാധ്വാനം വേണം. വലിയ സാമ്പത്തികം മുടക്കിയുള്ള പരിശീലനത്തിന് ശേഷിയില്ല. എങ്കിലും തന്നെക്കൊണ്ട്‌ പറ്റുംവിധം കായികക്ഷമത നിലനിർത്തി. ആ പരിശ്രമത്തിന്റെ ഫലമാണ്‌ സ്പോർട്സ് സ്കൂളിലേക്കെത്തിച്ചത്.

സ്വർണമെഡൽ നേടിയെങ്കിലും കോവിഡ് പ്രതിസന്ധികാരണം നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് കേരളത്തിൽനിന്ന് പങ്കെടുക്കാനായില്ല. പ്ലസ്‌വണ്ണിനും കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽത്തന്നെ തുടർന്നും പഠിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. കൊട്ടേക്കാട്ടെ വീട്ടിലെ അവധിക്കാലത്തും ഓൺലൈൻ ക്ലാസിലൂടെ പരിശീലനം തുടരുന്നുണ്ട്.

Content Highlights: S Aloka the boxing girl