ആലത്തൂർ: അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന 77 കുഴികൾ. എട്ടുവർഷമായി അറ്റകുറ്റപ്പണി നടത്താത്ത പാതയിൽ കുഴികൾ മാലപോലെ ഒന്ന് മറ്റൊന്നുമായി ചേർന്നുകിടക്കുന്നു. ചിലയിടങ്ങളിൽ ഗർത്തത്തിലൂടെ ഇറങ്ങിക്കയറിവേണം, പോകാൻ. കുഴിയിൽപ്പെടാതെ യാത്ര പൂർത്തിയാക്കണമെങ്കിൽ അത്യാവശ്യം പരിശീലനം മാത്രം പോരാ, ഭാഗ്യം കൂടി വേണം.
ഇന്ത്യയിലെ പ്രഖ്യാപിത മയിൽസങ്കേതങ്ങളിലൊന്നായ ചൂലനൂരിലേക്കുള്ള പാതയുടെ ഗതിയാണിത്. മയിലുകളെയും ചിത്രശലഭങ്ങളെയും ഒക്കെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളുടെ സ്ഥിതിയാണ് കഷ്ടം. തരൂർ പള്ളി, കുട്ടങ്കോട്, ചൂലനൂർ, നടുവത്തുപ്പാറ, പെരിങ്ങോട്ടുകുറിശ്ശി പ്രദേശവാസികൾ തങ്ങളുടെ ദുരിതം ഇനി ആരോട് പറയാനെന്നാണ് ചോദിക്കുന്നത്.
പാത ആരുടേതെന്ന തർക്കം അവസാനിപ്പിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും സ്ഥലം എം.എൽ.എ.യായ മന്ത്രി എ.കെ. ബാലനും ഇടപെടണമെന്നും ഇരുചക്രവാഹനയാത്രക്കാരൻ സജീവ് തരൂർ പറയുന്നു. bb തർക്കം ഇങ്ങനെ
bbതരൂർ, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇത് പൊതുമരാമത്തുവകുപ്പ് ഏറ്റെടുക്കണമെന്ന് 2010ൽ രണ്ട് ഗ്രാമപ്പഞ്ചായത്തുകളുടെയും ഭരണസമിതി പ്രമേയം അംഗീകരിച്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. 2011ൽ പാത ഏറ്റെടുക്കാതെതന്നെ ഒറ്റത്തവണ പദ്ധതിയിൽ രണ്ടുകോടി ചെലവഴിച്ച് പൊതുമരാമത്ത് അറ്റകുറ്റപ്പണി നടത്തി. ഇതിനുശേഷം പഞ്ചായത്തുകൾക്ക് പാത തിരികെ ഏൽപ്പിച്ചെന്നാണ് പൊതുമരാമത്തിന്റെ നിലപാട്. അതല്ല, പൊതുമരാമത്തുവകുപ്പിന് കൈമാറിയെന്നാണ് ഗ്രാമപ്പഞ്ചായത്തുകളുടെ നിലപാട്.
ഔദ്യോഗിക വിശദീകരണം ഇങ്ങനെ
രണ്ടു ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതകളുടെ അറ്റകുറ്റപ്പണി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളാണ് നടത്തേണ്ടത്. ഗ്രാമപ്പഞ്ചായത്തുകൾക്ക് ഈ പാതയുടെ അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തികശേഷിയില്ല. പൊതുമരാമത്തുവകുപ്പ് മുമ്പ് ചെയ്തതുപോലെ അറ്റകുറ്റപ്പണി നടത്തുകയോ പാത പൂർണമായി ഏറ്റെടുക്കുകയോ വേണമെന്ന് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഗോപിനാഥ്, തരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാർ എന്നിവർ പറഞ്ഞു.
2012ൽ സർക്കാർ ഏറ്റെടുത്ത പഞ്ചായത്ത് പാതകളിൽ ഇത് ഉൾപ്പെട്ടിട്ടില്ലെന്ന് ആലത്തൂർ നിരത്തുവിഭാഗം എ.എക്സ്.ഇ. കെ.എ. ബാബു പറഞ്ഞു. പഞ്ചായത്ത് പാതയിൽ പൊതുമരാമത്ത് ഫണ്ട് ചെലവഴിക്കാൻ കഴിയില്ലെന്നും പാതയേറ്റെടുക്കൽ മന്ത്രിസഭ തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.