ചെന്നൈ : മധുരയിൽ ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചമുമ്പ് പോലീസിടപെട്ടായിരുന്നു ഇവരുടെ വിവാഹംനടത്തിയത്. ചോഴവന്താൻ സ്വദേശി ഗ്ലാഡിസ്‌ റാണിയാണ് (21) കൊല്ലപ്പെട്ടത്. ഭർത്താവ് അവണിയാപുരം സ്വദേശി ജോതിമണിയാണ് (22) അറസ്റ്റിലായത്.

കോളേജ് വിദ്യാർഥിനിയായ യുവതിയും ജോതിമണിയുമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ്‌റാണി ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ജോതിമണി വഴങ്ങിയില്ല. തുടർന്ന് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് ഇടപെട്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്.

വിവാഹത്തിനുശേഷവും യുവതി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ബന്ധുക്കൾക്ക് പരിചയപ്പെടുത്താനെന്ന പേരിൽ യുവതിയെ ജോതിമണി വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. പിന്നീട് വീട്ടുകരെ ഫോണിൽ വിളിച്ച് ഗ്ലാഡിസ്‌റാണി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു. യുവതിയുടെ വീട്ടുകാർ ഇക്കാര്യം പോലീസിലറിയിച്ചു. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊലപ്പെടുത്തിയ വിവരം പ്രതി സമ്മതിക്കുകയായിരുന്നു.

ഇഷ്ടമില്ലാതെ നടന്ന വിവാഹബന്ധത്തിൽനിന്ന് ഒഴിവാകാനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കത്തിച്ചതിനാൽ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.