ആലത്തൂർ: പുതുവർഷത്തിൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചെങ്കിലും എരിമയൂർ ഗ്രാമപ്പഞ്ചായത്തിൽ ഇത് നടപ്പാക്കൽ വൈകും. പഞ്ചായത്തിൽ പൊതുപരിപാടികളിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന നിർദേശം നൽകിയിട്ടുള്ളപ്പോഴും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുംനിന്ന് അജൈവമാലിന്യം ശേഖരിച്ചുതുടങ്ങിയില്ല.

ഗ്രാമപ്പഞ്ചായത്തിലെ 18 വാർഡിലും അജൈവമാലിന്യം ശേഖരിക്കുന്നതിന് 36 അംഗ ഹരിതകർമസേനയ്ക്ക്‌ പരിശീലനം നൽകിയിരുന്നു. മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നതിനുള്ള വാഹനം ലഭ്യമായില്ല. ശേഖരിക്കുന്ന മാലിന്യം അംഗീകൃത സംസ്‌കരണ ഏജൻസികൾക്ക് കൈമാറുന്നതുവരെ സൂക്ഷിച്ചുവെക്കുന്നതിനുള്ള സ്ഥലവും സജ്ജമായില്ല.

കടകളിലും വീടുകളിലും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയും കത്തിക്കുന്നതിനെതിരെയും ബോധവത്കരണം നടത്തിയിരുന്നു. കടകളിൽ ഇപ്പോഴും പ്ലാസ്റ്റിക് കാരിബാഗുകൾ നൽകുന്നുണ്ട്.

ഗ്രാമപ്പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ കുനിശ്ശേരിയിലും എരിമയൂരിലും മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും സ്ഥിരം സംവിധാനമില്ല. കുനിശ്ശേരിയിൽ മലമ്പുഴ കനാൽബണ്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാറുണ്ട്. എരിമയൂരിലും തൃപ്പാളൂരിലും തോട്ടുപാലത്തും സ്ഥിതി വ്യത്യസ്ഥമല്ല.

അജൈവമാലിന്യ ശേഖരണം ഉടൻ

എരിമയൂർ ഗ്രാമപ്പഞ്ചായത്തിൽ വീടുകളിലും കടകളിൽനിന്നും അജൈവ മാലിന്യം ശേഖരണം ഉടൻ ആരംഭിക്കും. ചുള്ളിമട ശ്മശാനത്തോടുചേർന്ന് പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായിവരുന്നു. പരിശീലനംലഭിച്ച ഹരിതകർമ സേനയെ സജ്ജമാക്കും. പ്ലാസ്റ്റിക് നിരോധനവും ഹരിതപെരുമാറ്റ ചട്ടവും കൃത്യമായി നടപ്പാക്കും.

-എം. വസന്തകുമാരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്.

സ്ഥിരം സംവിധാനം വേണം

പൊതുസ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനും സംസ്‌കരിക്കാനുമുള്ള സ്ഥിരം സംവിധാനം ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തണം. പ്ലാസ്റ്റിക് നിരോധനവുമായി വ്യാപാരികൾ പൂർണ്ണമായി സഹകരിക്കും.

എൻ.എച്ച്.ഹാജി, പ്രസിഡന്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി.