പട്ടാമ്പി: പ്രളയത്തിലൂടെ സ്വയം ശുചീകരിച്ച ഭാരതപ്പുഴ വീണ്ടും മാലിന്യക്കുട്ടയായി മാറുന്നു. പ്രളയം കരകവിഞ്ഞൊഴുകിയതോടെ നിളയിലെ മാലിന്യക്കൂമ്പാരം ഒലിച്ചുപോയിരുന്നു. ചിലർ ഇരുട്ടിന്റെ മറവിൽ വീണ്ടും മാലിന്യംതള്ളൽ പതിവാക്കിയിട്ടുണ്ട്‌. പട്ടാമ്പി കിഴായൂർ നമ്പ്രം റോഡിലെ പുഴയോരം നിലവിൽ മാലിന്യക്കൂമ്പാരമാണ്. ഇതുവഴി മൂക്കുപൊത്താതെ നടക്കാനാവില്ല. പ്ലാസ്റ്റിക്‌മാലിന്യമടക്കം കൂട്ടിയിട്ട് കത്തിക്കലും പതിവാണ്. ഇതിന്റെ ചാരമെല്ലാം ഒഴുകിച്ചേരുന്നത് മീറ്ററുകൾക്കപ്പുറത്തുള്ള കുടിവെള്ളപദ്ധതിയിലേക്കാണ്. പട്ടാമ്പി താലൂക്ക് വികസനസമിതിയിലടക്കം വിഷയം ചർച്ചയായെങ്കിലും നടപടിയില്ല.

നഗരസഭയിലെ അഴുക്കുചാലുകളും തുറന്നിരിക്കുന്നത് പുഴയിലേക്കാണ്. നഗരത്തിൽനിന്ന്‌ ദിവസേന വലിയ അളവിലുള്ള മലിനജലമാണ് പുഴവെള്ളത്തിൽ ഒഴുകിയെത്തുന്നത്.

മുമ്പ് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന്‌ അഴുക്കുചാലിലേക്ക് തുറന്നിരിക്കുന്ന പൈപ്പുകൾ നഗരസഭ ഇടപെട്ട് അടപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും അഴുക്കുചാൽ വഴി മലിനജലം പുഴയിലെത്തുന്നുണ്ട്. ഇറച്ചിമാലിന്യമടക്കം നിളയോരത്ത് തള്ളുന്നതും വ്യാപകമാണ്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണക്യാമറയടക്കം സ്ഥാപിക്കണമെന്ന് നിർദേശമുയർന്നിരുന്നെങ്കിലും നടപ്പായില്ല. അഴുക്കുചാൽ വഴി പുഴയിൽ മാലിന്യം ചേരുന്നുണ്ടെങ്കിൽ പരിശോധിക്കാമെന്ന്‌ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപടി വൈകുകയാണ്.

പരാതി നൽകി

ഭാരതപ്പുഴ മലിനപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പട്ടാമ്പിയിലെ സീനിയർ സിറ്റിസൺസ് ഫോറം കളക്ടറുടെ പരാതിപരിഹാര അദാലത്തിൽ പരാതി നൽകിയിട്ടുണ്ട്. മറുനാടൻ തൊഴിലാളികളുടെ മലമൂത്രവിസർജനം പട്ടാമ്പിയിലെ കുടിവെള്ളപദ്ധതികൾക്ക് ഭീഷണിയാണ്. പ്രളയക്കെടുതിക്കുശേഷം പഴയകടവുമുതൽ പാലംവരെ മാലിന്യംതള്ളൽ വ്യാപകമാണ്. ഇതിന് നടപടിവേണമെന്നും പരാതിയിൽ പറയുന്നു. പ്രളയത്തിൽ ഭാരതപ്പുഴയിലെ നിരവധി വന്മരങ്ങൾ കടപുഴകിവീണിട്ടുണ്ട്. ഇത് നീക്കിയില്ലെങ്കിൽ പുഴയിൽ ഒഴുക്കുകൂടിയാൽ ഇവ പാലത്തിൽ വന്നിടിച്ച് കേടുപാടുകൾ വരാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.