പട്ടാമ്പി: ഷൊർണൂർ-മംഗലാപുരം റൂട്ടിലെ കൊടുമുണ്ട റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് തീരണമെങ്കിൽ പട്ടാമ്പി-മുതുതല പാതയിലെ കൊടുമുണ്ടയിൽ നിർദിഷ്ട റെയിൽവേ മേല്പാലം വരണം. മേല്പാലം വന്നാൽ കൊടുമുണ്ടയിൽ മാത്രമല്ല പട്ടാമ്പി നഗരത്തിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനാകും.

കൊടുമുണ്ട റെയിൽവേ ഗേറ്റിലൂടെ 60-ഓളം തീവണ്ടികളാണ് ഓരോ ദിവസവും കടന്നുപോകുന്നത്. അത്രയും തവണ ഗേറ്റടവിൽപ്പെടുന്നത് ബസ്സുകളുൾപ്പെടെയുള്ള വാഹനങ്ങളാണ്.

മേല്പാലം വന്നാൽ പട്ടാമ്പിയിൽനിന്ന് പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകൾ മുതുതല-തൃത്താലക്കൊപ്പംവഴി വൺവേയാക്കി തിരിച്ചുവിടാം. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും. പട്ടാമ്പി-തൃത്താലക്കൊപ്പം പാതയിലെ പട്ടാമ്പിമുതൽ കൊടുമുണ്ടവരെയുള്ള ഭാഗം മൂന്നുവർഷം മുമ്പ് റബ്ബറൈസ് ചെയ്തിരുന്നു. ബാക്കി ഏഴുകിലോമീറ്റർ റോഡ് നവീകരിക്കാൻ 20 കോടി രൂപ കിഫ്ബിയിൽ അനുവദിച്ചിട്ടുണ്ട്. ഈ പാതയുടെ നിർമാണം പൂർത്തിയായാൽ പട്ടാമ്പിയിൽനിന്ന് കൊപ്പത്ത് എളുപ്പമെത്താം.

കൊടുമുണ്ട ഗേറ്റിൽനിന്നുള്ള തീരദേശ റോഡുകൂടി വീതികൂട്ടി റബ്ബറൈസ് ചെയ്താൽ തൃത്താല ഭാഗത്തുനിന്ന്‌ എളുപ്പത്തിൽ കൊപ്പത്തേക്ക് പോകാം. ഇപ്പോൾ പാലത്തറ റെയിൽവേ ഗേറ്റ്‌ റോഡുവഴിയാണ് കൊപ്പത്തെത്തുന്നത്.

32.69 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെ റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷനാണ് കൊടുമുണ്ട മേല്പാലം നിരമിക്കാനുള്ള ചുമതല. നേരത്തേ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ അതിർത്തി നിർണയിച്ചുനൽകുന്ന ജോലിക്കായി കോർപറേഷൻ ഉദ്യോഗസ്ഥരും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യും ഇവിടം സന്ദർശിച്ചിരുന്നു. 2016-ലെ ബജറ്റിൽത്തന്നെ 10 കോടി രൂപ മേല്പാലം പണിയാനായി നീക്കിവെച്ചിരുന്നു.