പട്ടാമ്പി: പ്രളയത്തെത്തുടർന്ന് ഓഗസ്റ്റ് 15-ന് രാവിലെ പട്ടാമ്പി പാലം അടച്ചതോടെ നിലച്ചത് പട്ടാമ്പി നഗരം. തിരക്കില്ലാതെ പെരുന്നാളും ഓണവും കടന്നുപോയി. കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് ഓടി നഷ്ടം വരുന്നതിനാൽ പല ബസ്സുകളും പട്ടാമ്പിയിൽ യാത്രയവസാനിപ്പിക്കും.

ഗുരുവായൂർ ഭാഗത്തേക്കുള്ള യാത്രക്കാർ പട്ടാമ്പിയിൽനിന്ന്‌ മുതുതല, വെള്ളിയാങ്കല്ല്, തൃത്താല വഴി 20 കിലോമീറ്ററോളം വളഞ്ഞുവേണം, പോകാൻ. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചുറ്റിവളഞ്ഞുള്ള യാത്രയും ദുരിതമാവുന്നുണ്ട്. യാത്രക്കാർക്ക് ഇനിയും ഒരാഴ്ച ഈ ദുരിതം സഹിക്കേണ്ടിവരും.

കൈവരിനിർമാണം തകൃതി

പാലത്തിന്റെ കൈവരിനിർമാണം പുരോഗമിക്കുകയാണ്. പടിഞ്ഞാറുവശത്തെ കൈവരിനിർമാണം വ്യാഴാഴ്ചയോടെ പൂർത്തിയായിട്ടുണ്ട്. കിഴക്കുവശത്തെ പഴയ കൈവരി പൊളിച്ചുനീക്കുന്ന പണിയും നടക്കുകയാണ്. വെൽഡിങ്ങിന് ഏഴുപേരും ഫാബ്രിക്കേഷന് ആറുപേരും സഹായികളായി എട്ടുപേരും ഉൾപ്പെടെ 21 പേരാണ് രാത്രിയും പകലുമായി പ്രവർത്തിക്കുന്നത്.

ബസ്സുകൾ കുറഞ്ഞു; തിരക്ക് കൂടി

പാലക്കാട്-ഗുരുവായൂർ, പെരിന്തൽമണ്ണ-ഗുരുവായൂർ ബസ്സുകൾ പട്ടാമ്പിയിൽ പ്രവേശിക്കാതെ കുളപ്പുള്ളിവഴിയും തൃത്താല കൊപ്പം വഴിയും തിരിഞ്ഞുപോകുന്നത് പട്ടാമ്പിയിലെ യാത്രക്കാരെ വലയ്ക്കുന്നുണ്ട്. റോഡ്‌ യാത്രായോഗ്യമല്ലാത്തതിനാലും 12 കിലോമീറ്ററിലേറെ ചുറ്റേണ്ടതിനാലും പല ബസ്സുകളും പട്ടാമ്പിയിലെത്തി ട്രിപ്പ് അവസാനിപ്പിക്കുകയാണ്. പാലത്തറ റെയിൽവേഗേറ്റും ഒരു തടസ്സമാണ്. വരുമാനക്കുറവും സമയനഷ്ടവും പ്രശ്നമാണെന്ന് ബസ് തൊഴിലാളികളും പറയുന്നു.

പാലത്തിനപ്പുറം ഞാങ്ങാട്ടിരി റോഡിൽ പട്ടാമ്പി-ഗുരുവായൂർ, പട്ടാമ്പി-എടപ്പാൾ, പട്ടാമ്പി-തൃത്താല ഭാഗങ്ങളിലേക്ക് ബസ് സർവീസുണ്ടെങ്കിലും യാത്രക്കാരുടെ തിരക്ക് കൂടുതലാണ്. പട്ടാമ്പി നഗരത്തിലെത്തുന്നവർ പാലം കാൽനടയായിവേണം, കടക്കാൻ. കെ.എസ്.ആർ.ടി.സി. ബസ്സുകളും കുളപ്പുള്ളി വഴി തിരിഞ്ഞാണ് പോകുന്നത്.

ബസ്സുകൾ ട്രിപ്പ് മുടക്കുന്നില്ലെന്നും ഷൊർണൂർ, കൂട്ടുപാത വഴി തിരിച്ചുവിടുകയാണെന്നും കെ.എസ്.ആർ.ടി.സി. പാലക്കാട് ഡിപ്പോ അധികൃതർ പറഞ്ഞു.

കച്ചവടം കുറഞ്ഞു

പട്ടാമ്പി ബസ് സ്റ്റാൻഡിൽ ആൾത്തിരക്ക് കുറഞ്ഞതോടെ കച്ചവടത്തിൽ ഇരുട്ടടി നേരിടുകയാണെന്ന്് സ്റ്റാൻഡിനരികിലെ വ്യാപാരികൾ. എടപ്പാൾ, കുന്ദംകുളം, പൊന്നാനി, കുറ്റിപ്പുറം, ഗുരുവായൂർ ബസ്സുകൾ സ്റ്റാൻഡിലെത്താത്തതിനാൽ യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു.

ആറിന് പാലം തുറക്കും

പാലം കൈവരിനിർമാണം സെപ്റ്റംബർ അഞ്ചോടെ പൂർത്തിയാക്കി ആറിന് തുറന്നുകൊടുക്കാനാവും. ആദ്യം ചെറുവാഹനങ്ങളും പിന്നീട് വലിയ വാഹനങ്ങളും കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. പാലത്തിന് നാലുവശത്തെയും കരിങ്കൽക്കെട്ടുകൾ തകർന്ന നിലയിലാണ്. കൈവരിനിർമാണം പൂർത്തിയായാൽ അടിവശം കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്.

അസി.എക്സി. എൻജിനീയർ, പാലം വിഭാഗം, പാലക്കാട്