പട്ടാമ്പി: നഗരസഭയുടെ തോട്ടുകണ്ടം പമ്പ് ഹൗസിനുതാഴെ തടയണനിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. നിലവിൽ, പുഴയിലെ ജലനിരപ്പ്‌ രണ്ട് മീറ്ററോളം ഉയരത്തിലായതോടെ തോട്ടുകണ്ടം, ബസ്‌സ്റ്റാൻഡ് പമ്പ് ഹൗസുകളിൽനിന്ന്‌ പമ്പിങ് സുഗമമായി. മണൽച്ചാക്കുകൾക്കുമുകളിലൂടെ വെള്ളം ഒഴുകാൻ തുടങ്ങി. വേനൽ കടുക്കുന്നതോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നാൽ ഇനിയും മുകളിലേക്ക് മണൽച്ചാക്കുകൾ വെച്ച് ഉയർത്താനാണ് പദ്ധതി.

ചെറുകിട ജലസേചനവിഭാഗവും നഗരസഭയും ചേർന്ന് ദിവസങ്ങൾക്കുമുമ്പാണ് അഞ്ചുലക്ഷംരൂപ ചെലവിൽ മണൽച്ചാക്കുകൾ കൊണ്ട് തടയണ നിർമിക്കാനാരംഭിച്ചത്. 350 മീറ്റർ നീളവും രണ്ടുമീറ്റർ ഉയരവും മൂന്നുമീറ്റർ വീതിയിലുമാണ് തടയണ നിർമിക്കുന്നത്.

മൂന്നുവർഷത്തോളം നിലനിൽക്കുന്ന രീതിയിൽ മുളയും മണൽച്ചാക്കും ഉപയോഗിച്ചാണ് ഭാരതപ്പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ചുള്ള തടയണ നിർമിക്കുന്നത്.

2017-ലും തോട്ടുകണ്ടം പമ്പ് ഹൗസിന് താഴെയായി തടയണ കെട്ടിയിരുന്നു. ഇത്തവണ വേനലാരംഭത്തിൽത്തന്നെ ചൂട് കൂടിയതിനാലും പുഴയിലെ ജലനിരപ്പ് ഏറെ താഴ്ന്നതിനാലുമാണ് ജനുവരിയിൽത്തന്നെ തടയണ കെട്ടിയത്. ജലക്ഷാമം രൂക്ഷമാവുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മലമ്പുഴഡാം തുറന്നുവിട്ടാൽ ജലം സംഭരിക്കാനും തടയണ സഹായകരമാവും.

നിലവിൽ രണ്ട് പമ്പ് ഹൗസുകളിൽനിന്നും 24 മണിക്കൂറും പമ്പിങ് നടത്തുന്നുണ്ട്. പമ്പ് ഹൗസുകളുടെ കിണറുകളിലെ വെള്ളമുണ്ട്. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലേക്ക് രണ്ട് പമ്പ് ഹൗസുകളിൽനിന്നാണ് കുടിവെള്ളവിതരണം.