പട്ടാമ്പി : മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട കോവിഡ് വ്യാപനം തടയുന്നതിനായി നടത്തുന്ന ആൻറിജൻ പരിശോധനയിൽ പട്ടാമ്പിനഗരസഭാ പരിധിയിൽമാത്രം സ്ഥിരീകരിച്ചത് നൂറിലധികം പോസിറ്റീവ് കേസുകൾ. 4,442 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇതിൽ പട്ടാമ്പി നഗരസഭയിൽ 107, മുതുതലയിൽ 39, ഓങ്ങല്ലൂരിൽ 29 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്.

കോവിഡ് കൺട്രോൾ സെല്ലിന്റെ പ്രവർത്തനം തുടരുകയാണെന്നും കൂടുതൽ പോസിറ്റീവ് രോഗികളുള്ള മേഖലകളിൽ ജാഗ്രത ശക്തമാക്കണമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ. അറിയിച്ചു.

തിരുമിറ്റക്കോട്ട്‌ 112 പേരുടെ ഫലം നെഗറ്റീവായി

തിരുമിറ്റക്കോട് : പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് രോഗികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ രണ്ടുദിവസങ്ങളിലായി നടത്തിയ ആൻറിജൻ പരിശോധനയിൽ 112 പേരുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യകേന്ദ്രം അറിയിച്ചു.

ചാത്തനൂർ സ്‌കൂളിൽ ചൊവ്വാഴ്ച 79 പേരുടെയും ബുധനാഴ്ച 33 പേരുടെയുമാണ് പരിശോധന നടത്തിയത്. പഞ്ചായത്തിൽ വീടുകളിലായി 952 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് ആരോഗ്യകേന്ദ്രം അറിയിച്ചു.