പട്ടാമ്പി : ഓങ്ങല്ലൂരിൽ പാചകവാതകം ചോർന്ന് തീപ്പിടിത്തത്തിൽ മൂന്ന് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച ഫോറൻസിക്, വിരലടയാള വിദഗ്‌ധർ അപകടം നടന്ന വീട്ടിലെത്തി ശാസ്ത്രീയപരിശോധന നടത്തി. അപകടം നടന്ന അടുക്കളയിൽനിന്നുൾപ്പെടെ തെളിവുകൾ ശേഖരിച്ചു.

സംശയാസ്പദമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ഓങ്ങല്ലൂർ നമ്പാടം കോളനിയിൽ ചുങ്കത്ത് വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മക്കളായ ബാദുഷ (38), സാബിറ (44), ഷാജഹാൻ (40) എന്നിവർക്ക് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. ഇവരുടെ ഉമ്മ നബീസ (65) പൊള്ളലേറ്റ് ചികിത്സയിലാണ്.

പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ എ.എം. സിദ്ധീഖ്, സയന്റിഫിക് ഓഫീസർ സൗഫീന, വിരലടയാളവിദഗ്‌ധൻ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.