പട്ടാമ്പി : മത്സ്യച്ചന്തയിൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സമ്പർക്കവ്യാപനം കണ്ടെത്താൻ നടത്തുന്ന ആൻറിജൻ പരിശോധനയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നത് പട്ടാമ്പിക്ക് വീണ്ടും ആശങ്കയാവുന്നു. ബുധനാഴ്ച പട്ടാമ്പി ഗവ. ഹൈസ്കൂളിൽ നടന്ന 320 പേരുടെ ആൻറിജൻ ടെസ്റ്റിൽ നഗരസഭയിലെ ഒരു കൗൺസിലർ ഉൾപ്പെടെ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നതിനാൽ ആശ്വാസമുണ്ടായിരുന്നു. എന്നാൽ, ബുധനാഴ്ച രോഗികളുടെ എണ്ണം കൂടിയത് ആശങ്കയാവുകയാണ്.

മേഖലയിൽ കൂടുതൽ ജാഗ്രതവേണമെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ നിർദേശം. അതേസമയം, ചൊവ്വാഴ്ച നടന്ന പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പട്ടാമ്പി സ്വദേശികളായ ഒമ്പതുപേർ, മുതുതല സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ചവർ.

ഇന്നും പരിശോധന

:പട്ടാമ്പി ഗവ. ഹൈസ്കൂളിൽ വ്യാഴാഴ്ചയും ആൻറിജൻ പരിശോധന നടക്കും. ഇനിയും പരിശോധന നടത്താത്തവരും കോവിഡുമായി ബന്ധപ്പെട്ട് ഇടപെടുന്ന ജനപ്രതിനിധികളും മുഴുവൻ ഉദ്യോഗസ്ഥരും സ്കൂളിലെ പരിശോധനയിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. പട്ടാമ്പി ഗവ. കോളേജിൽ സയൻസ് ബ്ലോക്കിലെ പ്രഥമചികിത്സാ കേന്ദ്രത്തിൽ രോഗികൾക്കായി 750 കിടക്കകൾ സജ്ജമാക്കി. നിലവിലുള്ള വനിതാ ഹോസ്റ്റലിലെ രോഗികളെ താമസിയാതെ സയൻസ് ബ്ലോക്കിലേക്ക് മാറ്റുമെന്ന് നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു.