പട്ടാമ്പി: വാഹനഗതാഗതം തടസ്സപ്പെടുത്തി ബസ് നിർത്തിയിട്ടശേഷം ഇറങ്ങിപ്പോയതിനെത്തുടർന്ന് ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. പട്ടാമ്പി-കിഴായൂർ റൂട്ടിലോടുന്ന ’ചിറക്കൽ’ ബസ്സിലെ ഡ്രൈവർ ഇബ്രാഹിമിന്റെ ലൈസൻസാണ് ഒരുമാസത്തേക്ക് പട്ടാമ്പി ജോയന്റ് ആർ.ടി.ഒ. സി.യു. മുജീബ് സസ്‌പെൻഡ് ചെയ്തത്. എടപ്പാളിലെ ഡ്രൈവിങ് സെന്ററിലേക്ക് ഒരുദിവസത്തെ ഡ്രൈവിങ് പരിശീലനവും ശിക്ഷയുടെ ഭാഗമായി നിർദേശിച്ചു.
ജനുവരി നാലിന് വൈകീട്ട് ഏഴിനാണ് സംഭവം. പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള കിഴായൂർറോഡ് തുടങ്ങുന്ന ഭാഗത്ത് യാത്രക്കാരുള്ള ബസ് നിർത്തിയിടുകയും ഗതാഗതതടസ്സം സൃഷ്ടിക്കയും ചെയ്തതാണ് സംഭവം. ബസ് നിർത്തിയിട്ടതിനെത്തുടർന്ന് വാഹനങ്ങൾക്കും ആശുപത്രിയിലേക്ക് പോകേണ്ട ഒരു രോഗിക്കും പോകാൻകഴിയാത്ത അവസ്ഥയുണ്ടായി. പിന്നീട് കുറച്ചുസമയത്തിന് ശേഷമാണ് ഡ്രൈവർവന്ന് വാഹനം മാറ്റിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽകരീം സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനമോടിച്ചത് ഇബ്രാഹിമാണെന്ന് കണ്ടെത്തുകയും മോട്ടോർവാഹനവകുപ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.