പട്ടാമ്പി: പട്ടാമ്പിനഗരത്തിൽ ഗതാഗതപരിഷ്കരണ നടപടികൾ തുടങ്ങി. രണ്ടിടങ്ങളിലെ ഓട്ടോസ്റ്റാൻഡുകളുടെ സ്ഥാനം പിന്നിലേക്ക് മാറ്റി. വ്യാപാരസ്ഥാപനങ്ങളിലേക്ക് തിരക്കേറിയ സമയങ്ങളിലുള്ള ചരക്കിറക്കൽ നിർത്താനുള്ള പരിശോധനയും തുടങ്ങി. നിള ആശുപത്രിക്ക് മുൻവശത്തെയും റെയിൽവേസ്റ്റേഷൻ റോഡിന് മുൻവശത്തെയും ഓട്ടോറിക്ഷകളുടെ പാർക്കിങ്ങാണ് പുനഃക്രമീകരിച്ചത്.

രാവിലെ 8.30 മുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ ആറുമണിവരെയും ചരക്കുവാഹനങ്ങളിൽനിന്ന്‌ വ്യാപാരസ്ഥാപനങ്ങളിലേക്ക് ലോഡിറക്കുന്നത് തടയാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെഭാഗമായി രാവിലെയും വൈകീട്ടും നഗരത്തിൽ പരിശോധന തുടങ്ങിയതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം പട്ടാമ്പി-ഗുരുവായൂർ റോഡ് ജങ്ഷനോടുചേർന്നുള്ള ടാക്‌സിസ്റ്റാൻഡ് പൊളിച്ചുനീക്കൽ വൈകും. റെയിൽവേസ്റ്റേഷനുസമീപത്തേക്ക് സ്റ്റാൻഡ് പുനഃസ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. റെയിൽവേയുടെ അനുമതി ലഭിച്ചാലേ

നടപടികൾ തുടങ്ങാനാവൂ.

നടപ്പാക്കാൻ ഇവ ബാക്കിയാണ്

ജനുവരി ഒന്നുമുതൽ നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ച പല കാര്യങ്ങളിലും നടപടിയായില്ല. ടി.ബി. റോഡ് ജങ്ഷൻ, ചെർപ്പുളശ്ശേരി റോഡ് ജങ്ഷൻ എന്നിവിടങ്ങളിലെ സിഗ്നൽ വിളക്കുകൾ പ്രവർത്തിപ്പിച്ചില്ല.

എസ്.ബി.ഐ.ക്ക്‌ മുൻവശത്തെ പോസ്റ്റോഫീസ് റോഡ് വൺവേ ആക്കുന്നതിനും അനധികൃത ഓട്ടോറിക്ഷകളെ ഒഴിവാക്കുന്നതിനായി ഓട്ടോറിക്ഷാ തൊഴിലാളികളുടെ പെർമിറ്റിനനുസരിച്ച് പുതിയ നമ്പറുകൾ അനുവദിക്കുന്നതിനും തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. പഴയ ബസ്‌സ്റ്റാൻഡിലെ നഗരസഭാ പേ പാർക്കിങ്ങിന് മുൻവശത്ത് ബസ് ബേ നിർമിക്കുക, നഗരസഭാ മത്സ്യമാർക്കറ്റിന് മുൻവശത്ത് ക്യാമറകൾ സ്ഥാപിക്കുക, ആവശ്യമുള്ളസ്ഥലങ്ങളിൽ സീബ്രാ ലൈനുകൾ വരയ്ക്കുക തുടങ്ങിയവയും പാതിവഴിയിലാണ്.

നടപടികൾ ഘട്ടംഘട്ടമായി

ഗതാഗതപരിഷ്കരണം ഘട്ടംഘട്ടമായാണ് നടപ്പാക്കുക. എസ്.ബി.ഐ. ബാങ്കിന് മുൻവശത്തെ റോഡ് വൺവേയാക്കി മാറ്റിയുള്ള ബോർഡ് ഉടൻ സ്ഥാപിക്കും. മത്സ്യമാർക്കറ്റിന് മുൻവശത്ത് ക്യാമറ സ്ഥാപിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. നഗരത്തിൽ തിരക്ക് കുറയ്ക്കാനുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.

-സി.യു. മുജീബ് (ജോയന്റ് ആർ.ടി.ഒ. പട്ടാമ്പി)