പട്ടാമ്പി: നഗരത്തിൽ ജനുവരി ഒന്നുമുതൽ ഗതാഗതപരിഷ്കരണം നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങളിൽ മാറ്റം വരുത്തും. ഏറെ തിരക്കനുഭവപ്പെടുന്ന പട്ടാമ്പി-ഗുരുവായൂർ റോഡ് ജങ്ഷനോട് ചേർന്നുള്ള ടാക്സിസ്റ്റാൻഡ് പൊളിച്ചുനീക്കും. റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് സ്റ്റാൻഡ് പുനഃസ്ഥാപിക്കാനാണ് തീരുമാനം.

ഇതിനായി, പാലക്കാട് ഡി.ആർ.എമ്മിന് കത്തുനൽകും.

എസ്.ബി.ഐ. ബാങ്കിന് മുൻവശത്തെ പോസ്റ്റോഫീസ് റോഡ് വൺവേയാക്കി മാറ്റും. വാഹനങ്ങൾ ഇതുവഴിപോയി തിരിച്ചുവരാതെ പന്തക്കൽപ്പറമ്പ് വഴിയെത്തി പെരിന്തൽമണ്ണ റോഡിൽ ചേരണം. തിരക്കേറിയ സമയങ്ങളായ രാവിലെ 8.30 ‌മുതൽ 11‌ വരെയും വൈകീട്ട് മൂന്നുമുതൽ ആറുമണിവരെയും ചരക്കുവാഹനങ്ങളിൽനിന്ന്‌ വ്യാപാരസ്ഥാപനങ്ങളിലേക്ക് ലോഡിറക്കുന്നത് തടയും.

അനധികൃത ഓട്ടോറിക്ഷകളെ ഒഴിവാക്കുന്നതിനായി ഓട്ടോറിക്ഷാ തൊഴിലാളികളുടെ പെർമിറ്റിനനുസരിച്ച് പുതിയ നമ്പറുകൾ അനുവദിക്കും.

നഗരസഭാധ്യക്ഷൻ കെ.എസ്.ബി.എ. തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജോയന്റ് ആർ.ടി.ഒ. സി.യു. മുജീബ്, ട്രാഫിക് എസ്.ഐ. ടി. ബാബു, ഡെപ്യൂട്ടി തഹസിൽദാർ സെയ്ത്മുഹമ്മദ്, നഗരസഭാസെക്രട്ടറി ലതേഷ്‌കുമാർ, അസി. എൻജിനിയർ ഫിലിപ്പോസ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

സ്ഥിരംസമിതിയധ്യക്ഷന്മാർ, കൗൺസിലർമാർ, വ്യാപാരിസംഘടനാ പ്രതിനിധികൾ, മാർക്കറ്റ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഓട്ടോറിക്ഷാ സംഘടനാ യൂണിയൻ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയശേഷമാണ് തീരുമാനങ്ങളെടുത്തത്.

മറ്റുതീരുമാനങ്ങൾ

1.ആർ.എസ്. റോഡിന് മുൻവശത്തെ ഓട്ടോറിക്ഷകളുടെ സ്ഥാനം പിറകിലേക്ക് നീക്കും. നിള ആശുപത്രിക്ക് മുൻവശത്തെ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിക്കും.

2. പഴയ ബസ്‌സ്റ്റാൻഡിലെ നഗരസഭാ പേ പാർക്കിങ്ങിന് മുൻവശത്ത് ബസ് ബേ നിർമിക്കും.

3. ടി.ബി. റോഡ് ജങ്ഷൻ, മേലേപട്ടാമ്പി കല്പക ജങ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നലുകൾ പച്ച, ചുവപ്പ്, ഓറഞ്ച് നിറത്തോടുകൂടി പരിപൂർണ സിഗ്നലാക്കി മാറ്റും.

4. നഗരസഭാ മത്സ്യമാർക്കറ്റിന് മുൻവശത്ത് ക്യാമറകൾ സ്ഥാപിക്കും.

5. പഴയ ബസ്‌സ്റ്റാൻഡുമുതൽ റെയിൽവേസ്റ്റേഷൻ റോഡുവരെ ബാരിക്കേഡുകൾ സ്ഥാപിക്കും.

6. പോലീസ് സ്റ്റേഷനുമുന്നിലും നഗരസഭാ ഓഫീസിനുമുന്നിലും ക്യാമറകൾ സ്ഥാപിച്ച് അനധികൃത പാർക്കിങ്ങ് നിരീക്ഷിക്കും. നോ പാർക്കിങ്ങുകളിലെ വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി പിഴയീടാക്കും

കത്തും നിർദേശവും

ആവശ്യമുള്ള സ്ഥലങ്ങളിൽ സീബ്രാലൈനുകൾ വരയ്ക്കുന്നതിനും ഹമ്പുകൾക്ക് മുകളിൽ ലൈനുകൾ വരയ്ക്കുന്നതിനും നിർദേശം നൽകും. കാനകൾക്കുമുകളിൽ പൊട്ടിക്കിടക്കുന്ന സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കാനും പട്ടാമ്പിപ്പാലത്തിനിരുവശവും കാൽനടയാത്രക്കാർക്കായി നടപ്പാത നിർമിക്കാനും പൊതുമരാമത്തുവകുപ്പിന് കത്തുനൽകും.