പട്ടാമ്പി: ഉണക്കുഭീഷണിയിൽനിന്ന് രണ്ടാംവിള നെൽക്കൃഷിയെ രക്ഷിക്കാൻ ഭാരതപ്പുഴയിൽ തടയണകെട്ടി. പരുതൂരിൽ കൂട്ടക്കടവ് ചെറുകിടജലസേചന പദ്ധതിയിൽ ജലസേചനം സുഗമമാക്കാനാണ് പാടശേഖരസമിതി പഞ്ചായത്തിന്റെ സഹായത്തോടെ ചാക്കിൽ മണൽനിറച്ച് തടയണ നിർമിച്ചത്.

കഴിഞ്ഞയാഴ്ചവരെ വെള്ളിയാങ്കല്ല് പദ്ധതിയിൽനിന്ന്‌ കഴിഞ്ഞ പ്രളയത്തിൽ ഷട്ടർ തകർന്നഭാഗംവഴി വെള്ളം ഒഴുകിവന്നിരുന്നു. അതിനാൽ പദ്ധതിവഴി ജലസേചനം നടന്നിരുന്നു. എന്നാൽ, വെള്ളിയാങ്കല്ല് ജലസംഭരണിയിൽ വെള്ളം ഏറെ കുറവായതിനാൽ ഈഭാഗം തടയണ കെട്ടിയടച്ചു. ഇതോടെ ജലസേചനം വഴിമുട്ടി.

350ഏക്കർ സ്ഥലത്താണ് ഇവിടെ രണ്ടാംവിള നെൽക്കൃഷിയുള്ളത്. ഇതിൽ കരിങ്കറയായ 230 ഏക്കർ നെൽക്കൃഷി ജലസേചനം വഴിമുട്ടിയതോടെ ഉണക്കുഭീഷണിയിലായി. നെല്ല് കതിരുവരാറായ സമയവുമാണ്.

ഒന്നാംവിള നെൽക്കൃഷിചെയ്ത ശേഷം 110ഏക്കർ സ്ഥലത്ത് കഴിഞ്ഞയാഴ്ചയാണ് ഞാറുനടീൽ പൂർത്തിയായത്. അതും കണ്ടം വിണ്ടുകീറാനിടയാക്കി. ഉടൻ കർഷകർ തൊഴിലാളികളുടെ സഹായത്തോടെ പുഴയുടെ ഒഴുക്കും വെള്ളം കെട്ടിനിൽക്കുന്ന കയവുമുള്ള ഭാഗത്തുനിന്ന് വൻ ചാലുകീറി.

തിങ്കളാഴ്ച പരുതൂർ പഞ്ചായത്ത് തൊഴിലുറപ്പിൽ 55 തൊഴിലാളികളെ ചാക്കിൽ മണൽനിറച്ച് തടയണകെട്ടാൻ നിയോഗിച്ചു. തടയണവന്നതോടെ ജലലഭ്യതയായി. ജലസേചനം തുടങ്ങി. 40 കുതിരശക്തിയുള്ള ഒരു മോട്ടോർവഴി രാത്രിയും പകലും ജലസേചനംനടത്തി നെൽക്കൃഷിയെ ഉണക്കുഭീഷണിയിൽനിന്ന്‌ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൂട്ടക്കടവ് പാടശേഖരസമിതി പ്രസിഡന്റ് പി.വി. രാമചന്ദ്രമേനോനും സെക്രട്ടറി കെ. അച്യുതൻകുട്ടിയും പറഞ്ഞു. കൂടുതൽ ശക്തിയുള്ള ട്രാൻസ്‌ഫോർമർവെച്ച്‌ വോൾട്ടേജ് ക്ഷാമം ഇല്ലാതാക്കിയാൽ വേറൊരു മോട്ടോർകൂടിവെച്ച് ജലസേചനം സുഗമമാക്കാമെന്നും അവർ പറഞ്ഞു.