പട്ടാമ്പി: പട്ടാമ്പി നഗരസഭാപരിധിയിൽ ഒരേക്കറിലധികം വിസ്തീർണമുള്ള കൊടലൂർ പെരിക്കാക്കാട്ടുകുളം നവീകരിക്കും. 1.40 കോടിരൂപ ചെലവിലാണ് കൃഷിവകുപ്പിന്റെ കീഴിലുള്ള മണ്ണുസംരക്ഷണവിഭാഗംവഴി നവീകരണം നടത്തുന്നത്.
കുളം ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കും. ഇവിടെനിന്ന് വെള്ളം പമ്പുചെയ്ത് പൈപ്പുവഴി ആലിൻചുവട്ടിലെത്തിച്ചാൽ കൊടലൂർ പാടശേഖരത്തിലെ 55 ഏക്കർ സ്ഥലത്ത് രണ്ട് പൂവൽ നെൽക്കൃഷി ഉണക്കുഭീഷണിയില്ലാതെ കൃഷിചെയ്യാം. കൊടലൂർ പാടശേഖര പച്ചക്കറി ഉത്‌പാദകഗ്രൂപ്പ് എ ഗ്രേഡ് ക്ലസ്റ്ററിലെ കർഷകർക്ക് വേനലിൽ പച്ചക്കറിക്കൃഷി നടത്താനും വെള്ളം കിട്ടും.
ജലസേചനപദ്ധതി ഇല്ലാത്തതിനാൽ കർഷകർ കുളങ്ങളെയും കിണറുകളെയും ആശ്രയിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. കുളത്തിന്റെ തെക്കും വടക്കും കൃഷിഭൂമിയാണ്. മുൻ വർഷങ്ങളിൽ നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും ഉണങ്ങിപ്പോയിരുന്നു. ജലസേചനസൗകര്യം ഇല്ലാത്തതിനാൽ 15 ഏക്കറോളം സ്ഥലത്ത് നെൽക്കൃഷി ചെയ്യാറുമില്ല.
ഏറെ ഉയർന്നഭാഗത്തുള്ള കുളത്തിൽ ജലം സംഭരിച്ചാൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ പൂവക്കോട് ഭാഗത്തെയും കൊടലൂർ ഭാഗത്തെയും കിണറുകളിൽ ജലലഭ്യതയുമുണ്ടാവും. മുൻ വർഷങ്ങളിൽ ജലസേചനവകുപ്പ് കുളം പുനരുദ്ധരിക്കാനായി അടങ്കൽ തയ്യാറാക്കിയിരുന്നെങ്കിലും ഫണ്ട് കിട്ടിയില്ല. തുടർന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. കുളം നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
പരമാവധി ജലം സംരക്ഷിക്കും
കുളത്തിൽ പരമാവധിവെള്ളം സംഭരിക്കാനാണ് ശ്രമം. ഇതിനായി കുളത്തിന്റെ താഴ്ന്നഭാഗത്ത് അഞ്ചുമീറ്റർ ഉയരത്തിൽ കോൺക്രീറ്റുകൊണ്ട് സംരക്ഷണഭിത്തി കെട്ടും. ബാക്കിഭാഗത്ത് അഞ്ചുമീറ്റർ ഉയരത്തിൻ കരിങ്കല്ലുകൊണ്ട് പാർശ്വഭിത്തികൾ കെട്ടും. കൂടാതെ നാലുഭാഗത്തും 75 സെന്റീമീറ്റർ ഉയരത്തിൽ സുരക്ഷിതമതിൽ കരിങ്കല്ലുകൊണ്ട് നിർമിക്കും. കുളത്തിന്റെ ആഴം കൂട്ടി, കുളക്കടവ് നിർമിക്കും. കുളത്തിലേക്ക് വരുന്ന വെള്ളച്ചാലും സംരക്ഷിക്കും.
-അധികൃതർ, മണ്ണുസംരക്ഷണവകുപ്പ്