പട്ടാമ്പി: ഇതരസംസ്ഥാനത്തൊഴിലാളികൾ കൂടുതൽ ചേക്കേറുന്ന നഗരമായി മാറിയതോടെ പട്ടാമ്പിയിലെ ചുവരെഴുത്തുകളുടെ ഭാഷയിലും വൈവിധ്യം. ജനുവരി എട്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തുള്ള ചുവരെഴുത്ത് മൂന്ന് ഭാഷകളിലാണ് പട്ടാമ്പിയിലെ ചുവരുകളിൽ നിറയുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ ചുവരെഴുത്തുകൾ ഇതിനോടകം വന്നിട്ടുണ്ട്. ’കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ അഖിലേന്ത്യ പണിമുടക്ക് 2020 ജനുവരി എട്ടിന്’ എന്നാണ് വിവിധ ഭാഷകളിലെ ചുവരെഴുത്തുകളിലുള്ളത്. ’കേന്ദ്രസർക്കാർ കീ മസ്ദൂർ വിരോധി നീതിയോം കേ ഖിലാഫ്, അഖിലഭാരതീയ ഹഡ്താൽ’, ’മധ്യ അറസിൽ തൊഴിലാളർ വിരോധ് കൊൾഹൈക്കാഹെ എതിരാഹെ അഖില ഇന്ത്യ പോരാട്ടം’ എന്നിങ്ങനെയാണ് യഥാക്രമം ഹിന്ദിയിലും തമിഴിലും എഴുതിയിട്ടുള്ളത്.

പട്ടാമ്പി നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി സി.ഐ.ടി.യു. യൂണിയൻ മുമ്പ് രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ മൂവായിരത്തോളം അംഗങ്ങൾ യൂണിയന് കീഴിലുണ്ടെന്ന് പാർട്ടിനേതാക്കൾ പറയുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ പട്ടാമ്പിയിൽ താമസിച്ച് പണിയെടുക്കുന്നുണ്ട്.

അതിഥി കർമചാരി സംഘ് (സി.ഐ.ടി.യു.), അതിഥിത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) എന്നീ പേരുകളിലാണ് യൂണിയനുള്ളത്. യൂണിയൻ അംഗങ്ങളെന്ന നിലയിൽ വിവിധ ജാഥകളിലും ഇവർ അണിനിരക്കാറുണ്ട്.

പട്ടാമ്പി നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഏകദേശം മുന്നൂറോളം മറുനാടൻ തൊഴിലാളിക്യാമ്പുകൾ ഉണ്ട്.