പട്ടാമ്പി: മഴ കുറഞ്ഞതോടെ പട്ടാമ്പിമേഖലയിലെ ഭാരതപ്പുഴയിലെ ജലനിരപ്പ് വലിയ അളവിൽ താഴ്ന്നു. പട്ടാമ്പി പാലത്തിനുസമീപം പുഴയുടെ അടിത്തട്ടിലെ പാറകൾ പുറത്തുവന്നനിലയിലാണ്. സമീപത്തുള്ള പട്ടാമ്പി നഗരസഭയുടെ രണ്ട്‌ കുടിവെള്ളപദ്ധതികളുടെ പരിസരങ്ങളിലും വെള്ളം കാര്യമായി കുറഞ്ഞിട്ടുണ്ട്. തൃത്താലയിൽ വെള്ളിയാങ്കല്ല് റഗുലേറ്റർ പ്രവർത്തനം തുടങ്ങിയതിനുശേഷം പട്ടാമ്പി പഴയകടവുവരെ വേനലിലും വെള്ളം യഥേഷ്ടം പരന്നുകിടക്കാറുള്ളതാണ്. ഇക്കുറി സംഭരണം തുടങ്ങാൻ വൈകിയതോടെയാണ് ജലനിരപ്പ് ഏറെ താഴോട്ടുപോയിട്ടുള്ളത്.

കഴിഞ്ഞ പ്രളയത്തിൽ വെള്ളിയാങ്കല്ല് ഷട്ടറിന് കേടുപാടുകൾ സംഭവിച്ചതും ഒരു ഷട്ടർ ഒലിച്ചുപോയതുമാണ് ജലസംഭരണം തുടങ്ങാൻ വൈകിയതിന്‌ കാരണം. മറ്റ് ഷട്ടറുകൾ താഴ്ത്തിയെങ്കിലും ഒലിച്ചുപോയ ഷട്ടറിന്റെ ഒഴിഞ്ഞഭാഗംവഴി വെള്ളം താഴേക്ക് ഒഴുകിപ്പോയി. തുലാമഴയിൽ ഒലിച്ചെത്തിയ വെള്ളവും സംഭരിക്കാനായില്ല. കേടായ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ ഇനിയും തുടങ്ങിയിട്ടില്ല. നിലവിൽ ഒലിച്ചുപോയ ഷട്ടറിന്റെ ഭാഗത്ത് മണൽച്ചാക്കുകൾ നിറച്ച് താത്‌കാലിക തടയണ നിർമിച്ചാണ് ദിവസങ്ങൾക്കുമുമ്പ് ജലസംഭരണം തുടങ്ങിയിട്ടുള്ളത്. 3.5 മീറ്റർ ഉയരത്തിലും 9.00 മീറ്റർ അകലത്തിലും 6.5 മീറ്റർ വീതിയിലുമാണ് താത്‌കാലിക തടയണ നിർമിച്ചിട്ടുള്ളത്. തടയണയുടെ പരമാവധി സംഭരണശേഷി 3.5 മീറ്ററാണെങ്കിലും 1.5 മീറ്റർ ഉയരത്തിൽ മാത്രം ജലനിരപ്പ് ക്രമീകരിച്ച് നിർത്തുവാനാണ് നിലവിൽ അധികൃതരുടെ തീരുമാനം.

എന്നാൽ, ചുരുങ്ങിയത്‌ 1.5 മീറ്റർ വെള്ളം തുടർച്ചയായി നിലനിർത്തിയാൽ മാത്രമേ പമ്പിങ് മുടക്കമില്ലാതെ നടത്താനാവുകയുള്ളൂ. റഗുലേറ്ററിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മണൽത്തിട്ട പുറത്തുവന്ന സ്ഥിതിയാണ്. റഗുലേറ്ററിൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ അത് പമ്പിങ്ങിനെ ബാധിക്കും. ഇതോടെ വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാവും. തൃത്താലമുതൽ പട്ടാമ്പി പഴയകടവുവരെ നിരവധി കുടിവെള്ള പദ്ധതികളുണ്ട്. തൃശ്ശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകൾക്കും മൂന്നോളം നഗരസഭകൾക്കും വെള്ളമെത്തിക്കുന്ന പാവറട്ടി ശുദ്ധജലവിതരണപദ്ധതിയും ഇവിടെയുണ്ട്.