പട്ടാമ്പി: പരുതൂർ പഞ്ചായത്തിലെ ഭാരതപ്പുഴയുടെ തീരത്ത് തുടങ്ങുന്ന പൂവക്കുഴി ജലസേചനപദ്ധതിക്ക് നാലരക്കോടി രൂപയുടെ വിശദമായ പദ്ധതിറിപ്പോർട്ടായി. റിപ്പോർട്ട് ജലസേചനവകുപ്പ് ഭരണവിഭാഗം ചീഫ് എൻജിനിയർക്ക് സമർപ്പിച്ചതായി പട്ടാമ്പി ജലസേചനവകുപ്പ് അസി. എൻജിനിയർ പി. സുനിൽകുമാർ അറിയിച്ചു.
നേരത്തെ, പദ്ധതിയുടെ സർവേയും മാപ്പിങ്ങും പഠനവും പൂർത്തിയായിരുന്നു. പദ്ധതിക്കായി യോജിച്ച സ്ഥലം കണ്ടെത്തിക്കിട്ടാൻ ഏറെമാസങ്ങൾ വേണ്ടിവന്നു. ഇപ്പോൾ കണ്ടെത്തിയ സ്ഥലത്തിനുസമീപം 11 കെ.വി. വൈദ്യുതലൈനുള്ളതും സൗകര്യമായി. 125 കുതിരശക്തിയുള്ള മൂന്ന് മോട്ടോറുകൾവഴി വെള്ളം പമ്പുചെയ്ത് 64 ഹെക്ടർ സ്ഥലത്ത് വിരിപ്പിലും മുണ്ടകനിലും പുഞ്ചയിലും ജലസേചനം നടത്താൻ കഴിയുന്ന പദ്ധതിയാണിത്.
വെള്ളിയാങ്കല്ല് ജലസംഭരണികൂടി ഇവിടെയുള്ളതിനാൽ പദ്ധതിക്ക് ജലലഭ്യതയുമുണ്ടാവും. പമ്പ്ഹൗസും മൂന്ന് മോട്ടോറുകളും സ്ഥാപിക്കാനുള്ള തുക, വൈദ്യുതി, പൊതുമരാമത്ത് വകപ്പുകൾക്ക് അടയ്ക്കേണ്ട തുക, വിതരണ പൈപ്പുകൾ സ്ഥാപിക്കാനുള്ള തുക, ചരക്കുസേവന നികുതി എന്നിവയടങ്ങിയ വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കിയത്.