പട്ടാമ്പി: പാതയിലുടനീളം ആഴമേറിയ കുഴികൾ രൂപപ്പെട്ട പട്ടാമ്പി-കുളപ്പുള്ളി റൂട്ടിൽ യാത്രക്കാർക്ക് അപകടയാത്ര. വർഷങ്ങളായുള്ള ദുരിതത്തിന് പൂർണപരിഹാരം കാണാൻ ഇനിയും അധികൃതർക്കായിട്ടില്ല. കുഴികളിൽ വീണുള്ള അപകടങ്ങളും നിത്യസംഭവമാണ്.

കുളപ്പുള്ളി-പട്ടാമ്പി റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് ഇരുന്നൂറിലധികം ചതിക്കുഴികളാണ്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തിടത്തെ കുഴികളാണ് കൂടുതൽ അപകടം വരുത്തിവെക്കുന്നത്. ഷൊർണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയുടെ ഭാഗമാണിത്. ദിവസേന ബസ്സുകളും ചരക്കുവാഹനങ്ങളുമടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ശബരിമലകാലംകൂടി തുടങ്ങുന്നതോടെ അയ്യപ്പഭക്തരും ഇതുവഴിയാണ് കടന്നുപോകുക. മലപ്പുറം ഭാഗത്തുനിന്നും തമിഴ്‌നാട്ടിൽനിന്നും ശബരിമലയിലേക്കുപോകാൻ ആശ്രയിക്കുന്ന റോഡാണിത്. മുൻ വർഷങ്ങളിൽ ശബരിമലകാലത്ത് അപകടങ്ങൾ നടന്നിരുന്നു. എന്നിട്ടും ഇക്കുറി തിരക്ക് തുടങ്ങുന്നതിനുമുമ്പ് തകർന്നറോഡിൽ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കുളപ്പുള്ളി കഴിഞ്ഞാൽ വാടാനാംകുറിശ്ശി ഗേറ്റ്, മേട്, പോക്കുപ്പടി, മഞ്ഞളുങ്ങൽ, മേലേ മഞ്ഞളുങ്ങൽ, മനപ്പടി, കോളേജ് സ്‌റ്റോപ്പ്, മേലേ പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് പാടേ തകർന്നനിലയിലാണ്. കുഴിയൊഴിവാക്കാൻ ശ്രമിക്കുമ്പോഴാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്.

കുഴി നികത്തൽ ഉടൻ

കുളപ്പുള്ളി-പട്ടാമ്പി പാതയിൽ കുഴി നികത്തൽ ഉടൻ നടത്തും. 25 ലക്ഷം ഫണ്ടിന്റെ പ്രവൃത്തിക്കുള്ള ടെൻഡർ നടപടി പൂർത്തിയായി വരികയാണ്. കൂടാതെ റോഡ് പൂർണമായും തകർന്ന മഞ്ഞളുങ്ങൽ, പോക്കുപ്പടി ഭാഗങ്ങളിൽ ടൈൽസ് വിരിക്കാനും പദ്ധതിയുണ്ട്.

-പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, ഷൊർണൂർ