പട്ടാമ്പി: വെള്ളവും ജലസേചനസൗകര്യവും ഉണ്ടായിട്ടും കൊണ്ടൂർക്കര, പാമ്പാടി പാടശേഖരങ്ങളിൽ വേണ്ടത്രവെള്ളം ലഭിക്കുന്നില്ല. ഷൊർണൂർ, കോഴിക്കോട് റെയിൽവേ ലൈനിനടിയിലൂടെയുള്ള കനാലിൽ ചെളിയും മണലും നിറഞ്ഞതാണ് പ്രശ്നം. നാലടിയോളം വ്യാസമുള്ള കുഴലിലൂടെ പള്ളിപ്രം ജലസേചനപദ്ധതിയിൽനിന്ന്‌ പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മൂന്നിലൊന്നുഭാഗംപോലും ഇതുമൂലം വയലുകളിൽ എത്തുന്നില്ല. റെയിൽവേ ഇരട്ടിപ്പിച്ച തീവണ്ടിപ്പാതയ്ക്കടിയിലൂടെ കോൺക്രീറ്റ് കനാൽനീട്ടി മറുഭാഗത്തെ വയലിലെത്തിക്കുകയായിരുന്നു. നടുക്ക് ചെളിയുംമറ്റും നിറഞ്ഞാൽ നീക്കാനായി ഒരാൾക്ക് ഇറങ്ങാവുന്ന ദ്വാരമുണ്ടാക്കി ആവശ്യത്തിന്‌ തുറക്കാവുന്നരീതിയിൽ സ്ലാബിട്ടിരുന്നു.

ഇതിന്റെ ഇരുവശത്തുമുള്ള, പ്രളയത്തിൽത്തകർന്ന കനാലുകളിൽ ചിലഭാഗം ജലസേചനവകുപ്പുതന്നെ പുനർനിർമിച്ചിട്ടുണ്ട്. ഇതിലുടെ വെള്ളം സുഗമമായി പാമ്പാടി, കൊണ്ടൂർക്കര ഭാഗങ്ങളിലെത്താൻ റെയിൽവെ ലൈനിനടിയിലുടെയുള്ള കനാൽ കുഴലിലെ ചെളിനീക്കണം. ഇതിനു ക്ലേശം ഏറെയാണെങ്കിലും വലിയ സാമ്പത്തികബാധ്യത വരികയുമില്ല. റെയിൽവേ ലൈനുകൾക്ക്‌ നടുക്കുള്ള സ്ലാബ് തുറന്നു കൊടുക്കുകയും ചെയ്യും. ജലസേചനവകുപ്പ് റെയിൽവേക്ക് കത്തുനൽകി അനുമതിനേടണം.

350 ഏക്കർ രണ്ടാംവിള നെൽക്കൃഷി ചെയ്യുന്ന ഓങ്ങല്ലൂർ പഞ്ചായത്തിലെ പാടശേഖരങ്ങളാണ് പാമ്പാടിയും കൊണ്ടൂർക്കരയും. പകലുംരാത്രിയും വെള്ളം പമ്പുചെയ്താൽ മാത്രമേ ഉണക്കുഭീഷണിയിൽനിന്ന് നെല്ല് രക്ഷിക്കാനാവൂ. പഴയ കനാലുകൾ തൂർന്നും കാടുപിടിച്ചും കിടക്കുകയാണ് .

വെള്ളം പമ്പുചെയ്യാനുള്ള സംവിധാനം വേണം

റെയിൽവേ ലൈനിനടിയിൽ വെള്ളത്തിനുള്ള കുഴലിലെ ചെളി നീക്കാനും കനാലുകളിലെ ചെളി നീക്കാനും കാടുവെട്ടാനും നടപടി വേണം. രാത്രിയും പള്ളിപ്രം ജലസേചനപദ്ധതിയിൽ വെള്ളം പമ്പുചെയ്യാനുള്ളസംവിധാനം വേണം.

- കെ. മോഹനകൃഷ്ണൻ, പി.കെ. മുസ്തഫ, സെക്രട്ടറിമാർ, പാമ്പാടി, കൊണ്ടൂർക്കര, പാടശേഖര സമിതി).

ചെളി നീക്കം ചെയ്യും

പ്രളയത്തിൽ തകർന്നകനാൽ പുനർനിർമിച്ച കോൺട്രാക്ടർവഴി ഇരുഭാഗത്തുനിന്നും ചെളി നീക്കംചെയ്ത് വെള്ളത്തിന്റെവരവ് സുഗമമാക്കും. കനാലുകളിൽ തൂർന്ന മണ്ണുമാറ്റി പൊന്തക്കാടുകൾ വെട്ടിമാറ്റാൻ ജലസേചനവകുപ്പ്‌ മുൻകൈയെടുക്കും. പാടശേഖരസമിതികളുടെ സഹായവും വേണം.

- എൻ.പി. ബിന്ദു (എക്‌സിക്യുട്ടീവ് എൻജിനിയർ, ജലസേചനവകുപ്പ്, ഷൊർണൂർ)