പട്ടാമ്പി: നാറാണത്തുഭ്രാന്തന് മലമുകളിൽ ദേവീദർശനം ലഭിച്ചതിന്റെ സ്മരണപുതുക്കി ആയിരങ്ങൾ രായിരനല്ലൂർ മല കയറി. മലമുകളിലെ കൂറ്റൻ നാറാണത്തുഭ്രാന്തൻറെ പ്രതിമയെ വലംവെച്ചാണ് ഭക്തർ മലകയറ്റം പൂർത്തിയാക്കിയത്. വെള്ളിയാഴ്ച പുലർച്ചെമുതൽതന്നെ മലകയറ്റം ആരംഭിച്ചു. മലയടിവാരത്തിലെ വിവിധ റോഡുകളിൽനിന്നും മലകയറാൻ സൗകര്യമൊരുക്കിയിരുന്നു. കൊപ്പം-വളാഞ്ചേരി റോഡിലെ ഒന്നാന്തിപ്പടിയിൽനിന്നും നടുവട്ടത്തുനിന്നും പടിഞ്ഞാറെഭാഗത്തെ പടവുകൾ വഴിയും ഭക്തർ മലകയറി. പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവർ മലകയറ്റത്തിനെത്തി.

പറയിപെറ്റ പന്തിരുകുലം ഐതിഹ്യകഥയിലെ പ്രധാനിയായ നാറാണത്തുഭ്രാന്തൻ വേദപഠനത്തിനായി തൂതപ്പുഴയുടെ തീരത്തുള്ള തിരുവേഗപ്പുറയിലെത്തിയെന്നാണ് വിശ്വാസം. ഇതിനടുത്തുള്ള രായിരനല്ലൂർ മലയിലേക്ക് വലിയ ഉരുളൻകല്ലുകൾ ഉരുട്ടിക്കയറ്റുന്നത് ഭ്രാന്തന്റെ ഇഷ്ടവിനോദമായിരുന്നു. രാവിലെമുതൽ വൈകീട്ടുവരെ പ്രയാസപ്പെട്ട് മുകളിലേക്ക്‌ ഉരുട്ടിക്കയറ്റുന്ന കല്ല് മുകളിലെത്തിയാൽ താഴേക്ക് ഉരുട്ടും. ഉരുണ്ടുപോകുന്ന കല്ലിനെ നോക്കി ഭ്രാന്തൻ പൊട്ടിച്ചിരിക്കും. കല്ലുരുട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരു തുലാം ഒന്നിന് മലമുകളിൽ നാറാണത്തുഭ്രാന്തന് ദേവീദർശനം ലഭിച്ചെന്നാണ് വിശ്വാസം.

ഭ്രാന്തന് ദർശനം നൽകിയശേഷം ദേവി ഭൂമിയിലേക്ക്‌ താണുപോയി. താണുപോയപ്പോഴുണ്ടായ കാൽപ്പാടിൽ വാൽക്കണ്ണാടിവെച്ചാണ് മലമുകളിലെ പൂജ. ക്ഷേത്രത്തിലെ ദേവിയെ വണങ്ങാൻ നീണ്ട വരി രാവിലെമുതൽ ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹവും രായിരനല്ലൂരിലെത്തി. കുടിവെള്ളം, പ്രാഥമിക കൃത്യങ്ങൾക്കാവശ്യമായ സംവിധാനം എന്നിവയും മലമുകളിലുണ്ടായിരുന്നു. മലകയറ്റത്തിന്റെ ഭാഗമായി കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഗതാഗതനിയന്ത്രണവുമേർപ്പെടുത്തി.