പട്ടാമ്പി: ഉറ്റവർ മരിച്ചാൽ ശവസംസ്കാരത്തിന് പട്ടാമ്പിക്കാർക്ക് ഇപ്പോഴും ദൂരദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. ഷൊർണൂരിലെയും മറ്റും ശ്മശാനങ്ങളിലാണ് ഇപ്പോൾ പട്ടാമ്പിക്കാർ ശവസംസ്കാരത്തിനായി എത്തുന്നത്. സാധാരണക്കാരാണ് ഇതിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദൂരസ്ഥലങ്ങളിലെത്തിച്ച് ശവസംസ്കാരം നടത്താൻ 15,000 രൂപയിലധികം ചെലവുണ്ട്. മറ്റു ചടങ്ങുകൾക്കായി ശവസംസ്കാരം നടത്തിയ ഇടങ്ങളിൽ വീണ്ടുമെത്തേണ്ട ബുദ്ധിമുട്ട് വേറെയും.

ശങ്കരമംഗലത്തിനടുത്ത് കള്ളിക്കാട്, കുളപ്പുറംപാറ, കുതിരപ്പാറ എന്നിവിടങ്ങളിലടക്കം നാല് ശ്മശാനങ്ങൾ പട്ടാമ്പി പ്രദേശത്തുണ്ടായിരുന്നു. എന്നാൽ, നിലവിൽ അവശേഷിക്കുന്നത് നമ്പ്രം റോഡിലെ പൊതുശ്മശാനം മാത്രമാണ്. ഇതാണെങ്കിൽ പ്രവർത്തിപ്പിക്കാനുമാവുന്നില്ല. ഷൊർണൂരിലെ ശ്മശാനങ്ങളിൽ തിരക്കാണെങ്കിൽ തൃശ്ശൂർ ജില്ലയിലെ പുതുശ്ശേരിയിലേക്കും മറ്റും കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

പട്ടാമ്പി പഞ്ചായത്തായിരിക്കുമ്പോൾ 1970-ലാണ് നമ്പ്രം റോഡിൽ പൊതുശ്മശാനം സ്ഥാപിച്ചത്. കുറച്ചുകാലം ഇവിടെ ശവസംസ്കാരം നടത്തിയിരുന്നെങ്കിലും പിന്നീട് ഇത് ഉപയോഗിക്കാതെ കാടുമൂടിക്കിടന്നു. 2012-ൽ ശ്മശാനം തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരിസരമലിനീകരണമുണ്ടാകുമെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി. ഇവർ കോടതിയെ സമീപിച്ചതോടെ ശ്മശാനം പ്രവർത്തിപ്പിക്കുന്നത് നിയമക്കുരുക്കിലായി. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്.

പൊതുവേ വായുമലിനീകരണം കുറഞ്ഞ വാതകശ്മശാനങ്ങൾ നഗരസഭയുടെ മറ്റ് അനുയോജ്യമായ ഭാഗങ്ങളിൽ തുടങ്ങാനാവുമോയെന്ന പരിശോധനകളും നടന്നിട്ടില്ല.

വിധി ഉടൻ വരുമെന്ന് പ്രതീക്ഷ

പട്ടാമ്പിയിലെ പൊതുശ്മശാനവുമായി ബന്ധപ്പെട്ട കേസിന്റെ വിധി ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദം ഏതാണ്ട് പൂർത്തിയായ സമയത്താണ് ജഡ്ജി സ്ഥലം മാറിപ്പോയത്. ഇതോടെ കേസ് തീർപ്പാവൽ വൈകി.

-കെ.എസ്.ബി.എ. തങ്ങൾ,

നഗരസഭാധ്യക്ഷൻ

ഭരണസമിതിയുടെ വീഴ്ചയുണ്ട്

പട്ടാമ്പിയിൽ പൊതുശ്മശാനം തുറക്കാനാവാത്തതിൽ ഭരണസമിതിയുടെ വീഴ്ചയുണ്ട്. കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാറുണ്ടെങ്കിലും ഓരോ കാരണങ്ങളാണ് പറയുന്നത്. വർഷങ്ങളായി നടത്തുന്ന കേസ് കോടതിയിൽ നീളുകയാണ്. ശ്മശാനം തുറക്കാൻ വൈകുന്നത് ഭൂമാഫിയക്കും സഹായകരമാകുന്നുണ്ട്.

-കെ.സി. ഗിരീഷ്,

പ്രതിപക്ഷ കൗൺസിലർ