പട്ടാമ്പി: നിർമാണം നടക്കുന്ന പട്ടാമ്പി -പുലാമന്തോൾ പാതയിൽ അപാകം കണ്ടെത്തിയ ഭാഗങ്ങളിൽ പുനർനിർമാണം നടത്തും. ആദ്യഘട്ട മെറ്റലിങ് കഴിഞ്ഞ മേലേപട്ടാമ്പിമുതൽ മാർക്കറ്റ് റോഡിന് മുൻവശംവരെയുള്ള ഭാഗങ്ങളിലാണ് പുനർനിർമാണം.

നിർമാണപ്രവൃത്തിയുടെ മേൽനോട്ടം വഹിച്ച പൊതുമരാമത്ത് അസി. എൻജിനിയറേയും ഓവർസിയറേയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഒന്നാംഘട്ട പ്രവൃത്തികളിലെ ഗുണനിലവാരമില്ലായ്മയാണ് നടപടിക്കിടയാക്കിയതെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. പറഞ്ഞു.

എം.എൽ.എ.യുടെ പരാതിയിലാണ് വിദഗ്‌ധപരിശോധന നടത്തിയതും ആരോപണവിധേയരായവരെ സസ്പെൻഡ് ചെയ്തതും.

നിർമാണോദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും 12 കിലോമീറ്റർ ദൂരം മാത്രമുള്ള റോഡിന്റെ നവീകരണം പൂർത്തിയായിട്ടില്ല. ഷൊർണൂർ -പെരിന്തൽമണ്ണ പാതയിലെ പട്ടാമ്പിമുതൽ പുലാമന്തോൾവരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. മുൻസർക്കാരിന്റെ കാലത്ത്‌ ടാർചെയ്ത് ദിവസങ്ങൾക്കുള്ളിൽ തകർന്നതോടെ റോഡ് നിർമാണം വിജിലൻസ് കേസിലായി. ഇതോടെ നവീകരണവും മുടങ്ങി.

വിജിലൻസ് പരിശോധന പൂർത്തിയായശേഷമാണ് ജനുവരി 19-ന് മന്ത്രി ജി. സുധാകരൻ റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞിട്ടും ഏറെ നാളുകൾക്കുശേഷം മാത്രമാണ് പ്രവൃത്തികൾ തുടങ്ങാനായത്. മൂന്ന് കരാറുകാർക്കായാണ് ജോലികൾ വീതിച്ചുനൽകിയത്. ഇതിൽ ഊരാളുങ്കൽ ലേബർ കോ-ഓപറേറ്റിവ് സൊസൈറ്റി കരാറെടുത്ത ഭാഗംമാത്രമാണ് സമയബന്ധിതമായി പൂർത്തിയായത്. മേലെപട്ടാമ്പിമുതൽ മാർക്കറ്റ് വരെയുള്ള ഭാഗത്തും, ആമയൂർമുതൽ കൊപ്പംവരെയുള്ള പ്രവൃത്തികളിലും ആദ്യംമുതൽക്കേ പരാതിയുയർന്നിരുന്നു. ആമയൂരിൽ നാട്ടുകാർ റോഡ് നിർമാണം തടയുകയുമുണ്ടായി.

അപാകം കണ്ടെത്തിയ ഭാഗങ്ങളിലെ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പറഞ്ഞു.