പട്ടാമ്പി: മുതുതല പഞ്ചായത്തിന്റേയും പട്ടാമ്പി നഗരസഭയുടേയും അതിർത്തിപങ്കിടുന്ന കണ്ടംതോട് സംരക്ഷിക്കാൻ നടപടിയാവുന്നു. ഹരിതകേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ടംതോട് നവീകരിക്കുന്നത്. ഇതിനായി കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നെങ്കിലും ആവർത്തിച്ചുവന്ന വെള്ളപ്പൊക്കം തടസ്സമായി. തോട് സംരക്ഷണത്തിനായി തുടർപ്രവർത്തനങ്ങൾ താമസിയാതെ തുടങ്ങുമെന്ന് മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി.എം. നീലകണ്ഠൻ പറഞ്ഞു

കണ്ടംതോട് സംരക്ഷിക്കുന്നതിനായി കർഷകരുടേയും വിദ്യാലയങ്ങളിലെ എൻ.എസ്.എസ്. അടക്കമുള്ള സംഘങ്ങളുടെയും സഹായം തേടും. തോടിന്റെ പാർശ്വഭാഗങ്ങളിൽ രാമച്ചം പോലുള്ള ചെടികൾ വെച്ചുപിടിപ്പിക്കൽ, പരിസ്ഥിതിസൗഹൃദമുള്ള ഉദ്യാനങ്ങൾ, കളിക്കളങ്ങൾ എന്നിവയുണ്ടാക്കാനുള്ള പദ്ധതികൾക്കും ശ്രമിക്കും. പൊട്ടിയ പ്ലാസ്റ്റിക് സാധനങ്ങൾ പെറുക്കുന്നവർതൊട്ട് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരേയും ഇതിൽ പങ്കാളികളാക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

തോട് സംരക്ഷിക്കുന്നതിനായി പ്രാഥമികമായി യോഗം ചേരുകയും തോടിന്റെ അവസ്ഥ കണ്ടു മനസ്സിലാക്കുകയും ചെയ്തിരുന്നു. നെല്ലുഗവേഷണകേന്ദ്രം ചുറ്റിവരുന്ന തോട് പട്ടാമ്പി മത്സ്യച്ചന്ത വഴി വന്ന് തോട്ടുമുഖം ഭാഗത്ത് ഭാരതപ്പുഴയിലാണ് ചേരുന്നത്. തോടിന്റെ പാർശ്വഭാഗത്ത് പണ്ട്‌ നെൽകൃഷിചെയ്തിരുന്ന പലഭാഗത്തും ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകളാണ്. നിലവിൽ കുപ്പത്തൊട്ടിപോലെയാണ് തോട്. ശൗചാലയങ്ങളിൽനിന്നുവരുന്ന മാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം തോട്ടിലേക്കാണ് തള്ളുന്നത്.

50 വർഷംമുമ്പ് തോടിന്റെ ഇരുവശവുള്ള പട്ടാമ്പി, പെരുമുടിയൂർ ഭാഗത്തെ കരിങ്കറ നെൽകൃഷിക്ക് ജലസേചനം നടത്തിയിരുന്നത് ഈ തോട്ടിൽനിന്നായിരുന്നു. പലസ്ഥലത്തും പ്രദേശവാസികൾ കുളിക്കുന്ന ചെറിയ നാടൻചിറകളുമുണ്ടായിരുന്നു. അന്ന് കരിങ്കറപ്പാടത്തും പട്ടാമ്പിയിലെ ഞെരവത്ത് പാടത്തും ശങ്കരമംഗലത്തും മറ്റും നെൽകൃഷി സജീവമായിരുന്നു. നെടിയൻകുന്നിന്റെ മുകളിൽനിന്ന് ചുള്ളിയിൽ വഴിയും കൊടലൂർ പെരിക്കാട്ടുകുളത്തിൽ നിന്ന് കളപ്പാറ വഴിയും ശങ്കരമംഗലം പാടശേഖരം വഴിയുമാണ് തോടൊഴുകുന്നത്.

തോടിന്റെ സ്വാഭാവികത തിരിച്ചുപിടിക്കും

പ്രദേശവാസികളുടെ കൂട്ടായ്മയിൽ സംരക്ഷണസമിതികൾ വഴി നല്ല വെള്ളം സ്വാഭാവികമായി ഒഴുകുന്ന തോടായി കണ്ടംതോടിനെ മാറ്റാനാണ് ശ്രമം.

പ്രൊഫ. വാസുദേവൻപിള്ള, ഹരിതകേരള മിഷൻ റിസോഴ്സ്‌പേഴ്സൺ