പട്ടാമ്പി: മഴക്കെടുതി കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 25 ഷട്ടറുകളും തുറന്നുകിടക്കുന്നു. ഷട്ടറുകൾ ഇങ്ങനെ തുറന്നുകിടന്നാൽ ഡിസംബറാവുമ്പോഴേക്കും തൃത്താല മേഖലയിലുൾപ്പെടെ കുടിവെള്ള പദ്ധതികൾക്ക് വെള്ളമില്ലാതാകുമെന്ന് ജല അതോറിറ്റി അധികൃതർ മുന്നറിയിപ്പ്‌ നൽകിക്കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ദർഘാസ് നടപടിപോലും ആയിട്ടില്ല. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ജലസംഭരണം അവതാളത്തിലാവും.

ഓഗസ്റ്റ് ഒമ്പതിനാണ് പട്ടാമ്പിപ്പാലം കവിഞ്ഞ് ഭാരതപ്പുഴ ഒഴുകിയത്. ഈസമയത്ത്‌ തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയായിരുന്നു. 27 ഷട്ടറുകളിൽ 15 എണ്ണം മാത്രമാണ് വെള്ളപ്പൊക്കത്തിനിടെ തുറക്കാനായത്. ഇതോടെ തൃത്താലമുതൽ പട്ടാമ്പി പഴയകടവ് വരെയുള്ള തീരദേശ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. തുടർന്ന്, പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ രണ്ടെണ്ണമൊഴികെയുള്ള ബാക്കി ഷട്ടറുകൾ ക്രെയിനുപയോഗിച്ചുംമറ്റും തുറന്നു. ഇതിനിടെ ഒരു ഷട്ടർ ഒഴുകിപ്പോവുകയും ചെയ്തു.

നിലവിൽ 1.35 കോടിയുടെ പദ്ധതിയാണ് ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്താൻ സർക്കാരിലേക്ക് അനുമതിക്കായി സമർപ്പിച്ചിട്ടുള്ളത്. ഇതിന് അനുമതി ലഭിച്ച് ഫണ്ട് വകയിരുത്തിയാൽ മാത്രമേ ടെൻഡർ വിളിച്ച് പണി തുടങ്ങാനാവുകയുള്ളൂ. ഷട്ടറുകളുടെ അറ്റകുറ്റപ്പണിയോടൊപ്പം പൊളിഞ്ഞുപോയ സംരക്ഷണഭിത്തിയുടെ പുനർനിർമാണം, തകർന്ന ഏപ്രണുകൾ പുനഃസ്ഥാപിക്കൽ തുടങ്ങിയവയും നടത്തണം. ഒലിച്ചുപോയ ഷട്ടറിനുപകരം പുതുത് സ്ഥാപിക്കുകയും വേണം. ചമ്രവട്ടം പ്രോജക്ട് അസി. എൻജിനീയറുടെ കാര്യാലയം വെള്ളിയാങ്കല്ല് റെഗുലേറ്ററിന് സമീപത്തേക്ക് മാറ്റാനുള്ളനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും വാക്കിലൊതുങ്ങിയ മട്ടാണ്.

സാധ്യതാപഠനവും ഇല്ല

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാൻ ഹൈഡ്രോളിക് സംവിധാനം ഏർപ്പെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചിരുന്നു. അന്ന് മിണ്ടാതിരുന്ന ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത് അതിന് സാധ്യതാപഠനം വേണ്ടിവരുമെന്നാണ്. ഇത്തരമൊരു സാധ്യതാപഠനം നടത്താനുള്ള തീരുമാനങ്ങളും ആയിട്ടില്ല.

ബണ്ട് കെട്ടുന്നകാര്യം പരിശോധിക്കും

ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാവാൻ വൈകുന്നസാഹചര്യത്തിൽ റെഗുലേറ്ററിനുള്ളിൽ ബണ്ടുകെട്ടി വേനലിലേക്ക് ജലസംഭരണം നടത്തുന്നകാര്യം പരിശോധിക്കും. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തതിനുശേഷമായിരിക്കും തീരുമാനിക്കുക. ഷട്ടറുകളുടെ അറ്റകുറ്റപ്പണി ജലസേചനവകുപ്പിന്റെ മെക്കാനിക്കൽ വിഭാഗമാണ് നടത്തുക. എന്നാൽ ഇതിനായി ടെൻഡർ നടപടികളൊന്നും തുടങ്ങിയിട്ടില്ല.

ചമ്രവട്ടം പ്രോജക്ട്‌ അധികൃതർ, കുറ്റിപ്പുറം